ഭുവനേശ്വർ: സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്ക് വർഷത്തിൽ 25 ദിവസത്തെ കാഷ്വൽ ലീവ് അനുവദിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്.
പത്ത് ദിവസത്തെ അധിക കാഷ്വൽ ലീവാണ് വനിതാ ജീവനക്കാര്‍ക്ക് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.
കുടുംബ ഉത്തരവാദിത്വവും സ്ത്രീകളുടെ മറ്റു പ്രശ്നങ്ങളും കണക്കാക്കിയാണ് പട്നായിക് ഈ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് ആദ്യമായി സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 33% സംവരണം ഏര്‍പ്പെടുത്തിയത് ഒഡീഷയാണെന്ന് പുറത്തിറക്കിയ കുറിപ്പില്‍ സര്‍ക്കാര്‍ പറയുന്നു.
നേരത്തെ സർക്കാരിതര – എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വർഷത്തിൽ 15 ദിവസത്തെ കാഷ്വൽ ലീവ് ഒഡീഷ സർക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രണ്ട് പ്രസവത്തിന് 180 ദിവസത്തെ ശമ്പളത്തോടെയുള്ള പ്രസവ അവധിയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വനിതാ ബ്ലോക്ക് ഗ്രാൻ്റ് ജീവനക്കാർക്ക് അനുവദിച്ചിട്ടുണ്ട്.