Mon. Dec 23rd, 2024

ഡല്‍ഹി: മധ്യപ്രദേശിലെ ധാർ ജില്ലയിലെ ഭോജ്ശാല ക്ഷേത്രവും കമാൽ മൗല മസ്ജിദും നിലനില്‍ക്കുന്ന സമുച്ചയത്തില്‍ സര്‍വേ നടത്താന്‍ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്ഐ) ഹൈക്കോടതിയുടെ അനുമതി.

അഭിഭാഷകന്‍ വിഷ്ണു ശങ്കർ ജെയിനാണ് സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഭോജ്ശാലയെ ഹിന്ദുക്കള്‍ വാഗ്ദേവിയുടെ (സരസ്വതി ദേവി) ക്ഷേത്രമായും മുസ്ലീങ്ങള്‍ കമാല്‍ മൗലയുടെ പള്ളിയുമായാണ് കണക്കാക്കുന്നത്.

എഎസ്ഐയുടെ ഡയറക്ടറുടെയോ അഡിഷണല്‍ ഡയറക്ടറുടെയോ നേതൃത്വത്തില്‍ എഎസ്ഐ അംഗങ്ങളുടെ അഞ്ചംഗ സമിതി രൂപീകരിക്കാന്‍ കോടതി നിര്‍ദേശിച്ചു. ആറാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

പുരാവസ്തു വകുപ്പിന്റെ കീഴിലാണ് ഈ ആരാധാനാലയങ്ങള്‍ വരുന്നത്. അതുകൊണ്ട് തന്നെ 1991 ലെ ആരാധനാ നിയമം ഇവിടെ ബാധകമല്ല.

ഭോജ്ശാല ക്ഷേത്രവും കമാൽ മൗല മസ്ജിദും നിലനില്‍ക്കുന്ന സമുച്ചയത്തെ ചൊല്ലി നിരവധി തവണ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് വെള്ളിയാഴ്ച ദിവസങ്ങളില്‍ ബസന്ത് പഞ്ചമി (സരസ്വതി പൂജ) വരുമ്പോള്‍ മുസ്ലീങ്ങൾ നമസ്കരിക്കാനും ഹിന്ദുക്കൾ അവരുടെ പ്രാര്‍ത്ഥന നടത്താനും കാത്തുനില്‍ക്കാറുണ്ട്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിൽ കെട്ടിടത്തിനുള്ളില്‍ സരസ്വതി ദേവിയുടെ വിഗ്രഹം വെച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. പിന്നീട് പോലീസ് വിഗ്രഹം എടുത്ത് മാറ്റിയിരുന്നു.