Mon. Dec 23rd, 2024

ചെങ്കടലിൽ ചരക്ക് കപ്പലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം. ആക്രമണത്തിൽ മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു. ഇതില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ജീവനക്കാരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.

ഗ്രീസിന്‍റെ ഉടമസ്ഥതയിലുള്ള ‘ട്രൂ കോൺഫിഡൻസ്’ എന്ന കപ്പലാണ് ഹൂതികൾ ആക്രമിച്ചത്. തീ പിടിച്ച കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കരീബിയൻ രാജ്യമായ ബാർബഡോസിന് വേണ്ടി ചരക്ക് ഗതാഗത സർവീസ് നടത്തുകയായിരുന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്.

കഴിഞ്ഞ നവംബർ മുതലാണ് ഹൂതികള്‍ ചെങ്കടലില്‍ കപ്പലുകള്‍ക്കുനേരെ ആക്രമണം തുടങ്ങുന്നത്. ഇസ്രയേല്‍ ഹമാസ്‌ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകള്‍ക്കുനേരെ ഹൂതികൾ ആക്രമണം നടത്തുന്നത്.

വിവിധ രാജ്യങ്ങളിലേക്കുള്ള ചരക്കുകൾ, എണ്ണ തുടങ്ങിയ കയറ്റുമതിക്കുള്ള പ്രധാന പാതയാണ് ചെങ്കടൽ. ആക്രമണത്തെ തുടർന്ന് പല കപ്പലുകളും കേപ് ഓഫ് ഗുഡ് ഹോപ് വഴിയാണ് പോകുന്നത്.