Thu. Jan 23rd, 2025

നിയന്ത്രണ രേഖയിലെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ ഇന്ത്യ-ചൈന പ്രതിരോധ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. ഗല്‍വാന്‍ സംഘര്‍ഷത്തിനുശേഷം ആദ്യമായാണ് പ്രതിരോധമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ചയില്‍ ചൈനയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കി ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. നിലവിലുള്ള കരാറുകളുടെ ലംഘനം ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവന്‍ അടിത്തറയും ഇല്ലാതാക്കിയെന്ന് ഇന്ത്യ ചൈനയെ അറിയിച്ചു. നിയമന്ത്രണ രേഖയില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. ഉഭയകക്ഷി കരാറുകള്‍ പ്രകാരം പ്രശ്‌നപരിഹാരം ഉണ്ടാകണം. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന മുറയ്ക്ക് അതിര്‍ത്തിയിലെ പിന്മാറ്റം യുക്തിസഹമായി തുടരുമെന്നും രാജ്‌നാഥ് സിങ് അറിയിച്ചു. ഷാങ്ഹായ് ഉച്ചകോടിയുടെ ഭാഗമായാണ് ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ ലി ഷാങ്ഫു ഇന്ത്യയില്‍ എത്തിയത്. ഇതിന് മുന്‍പ് സൈനിക തലത്തില്‍ 18 തവണ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയുടെ ഫലമായി ഗല്‍വാന്‍, ലഡാക്ക്, പാംഗോങ് എന്നിവിടങ്ങളില്‍ സംഘര്‍ഷ സാധ്യത ഇല്ലാതാക്കി. അതേസമയം, ചൈന വ്യാപകമായി സ്ഥലം കയ്യേറിയ ഡെംചോങ്, ഡെപ്‌സാങ് എന്നിവിടങ്ങളില്‍ ഇപ്പോഴും സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം