ഇന്ത്യൻ നിർമിത കഫ് സിറപ്പിന്റെ ഗുണനയിലവാരത്തിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്യൂപി ഫർമാകെം നിർമിക്കുന്ന ചുമയ്‌ക്കുള്ള സിറപ്പ് സുരക്ഷിതമല്ലെന്ന് ഡബ്ലുഎച്ച്ഒ അറിയിച്ചു. സീറപ്പിന്റെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കോ മരണത്തിലേക്കോ വരെ നയിച്ചേക്കാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. ലോകാരോഗ്യ സംഘടനയുടെ മെഡിക്കൽ പ്രൊഡക്റ്റ് അലർട്ട് വിഭാഗമാണ് പസിഫിക് ദ്വീപുകളായ മാർഷൽ ഐലന്റിലും മൈക്രോനേഷ്യയിലുമുള്ള നിലവാരം കുറഞ്ഞ ഒരു വിഭാഗം ഗൈഫനസിൻ സിറപ്പുകൾ കണ്ടെത്തിയത്. ഇതിന്റെ പട്ടിക ലോകാരോഗ്യ സംഘടനക്ക് കൈമാറുകയും ചെയ്തിരുന്നു. അടുത്തിടെ, ഇന്ത്യ ആസ്ഥാനമായുള്ള കമ്പനികൾ നിർമ്മിക്കുന്ന മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. ഫെബ്രുവരിയിൽ, യുഎസിൽ മരുന്നുപയോഗിച്ചവരിൽ കാഴ്ചക്കുറവുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് തമിഴ്‌നാട് ആസ്ഥാനമായുള്ള ഗ്ലോബൽ ഫാർമ ഹെൽത്ത്‌കെയർ അവരുടെ തുള്ളി മരുന്നുകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചിരുന്നു. കഴിഞ്ഞ വർഷം ഗാംബിയയിലും ഉസ്ബെക്കിസ്ഥാനിലും നടന്ന കുട്ടികളുടെ മരണത്തിലും ഇന്ത്യൻ നിർമിത ചുമ സിറപ്പുകൾക്ക് ബന്ധമുണ്ടായിരുന്നു.