ക്രിക്കറ്റ് എന്ന് പുസ്തകത്തില്‍ സച്ചിന്‍ എന്ന പേര് എഴുതി ചേര്‍ത്തിലെങ്കില്‍ ആ പുസ്‌കം ഒരിക്കലും പൂര്‍ണമാകില്ല. സച്ചിന്‍ എന്ന പേര് ക്രിക്കറ്റ് പ്രേമികള്‍ക്ക് മാത്രമല്ല കോടിക്കണക്കിന് ജനങ്ങള്‍ക്കും ഒരു വികാരമാണ്.
”ഞാന്‍ ദൈവത്തെക്കണ്ടു, ഇന്ത്യക്കു വേണ്ടി നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്നു”വെന്ന് ഒരിക്കല്‍ ഓസ്‌ട്രേലിയയുടെ ഓപ്പണറായിരുന്ന മാത്യു ഹെയ്ഡന്‍ പറയുകയുണ്ടായി. ക്രിക്കറ്റിലെ ദൈവം എന്നപേര് കഠിനാധ്വാനത്തിലൂടെ നേടിയെടുത്തതാണ്. ആ പേരിന് ഇന്നു പകരംവെയ്ക്കാന്‍ ഒരാളുണ്ടായിട്ടില്ല.
അരങ്ങേറ്റ പരമ്പരയില്‍ ക്രീസില്‍ ചോര വീണിട്ടും പതറാതെ നിന്ന 16 കാരനില്‍ നിന്ന് ക്രിക്കറ്റിന്റെ കൊടുമുടി കീഴടക്കി ഇതിഹാസമായി വളര്‍ന്ന് പന്തലിച്ച് നില്‍കുകയാണ് സച്ചിന്‍. 1989 നവംബറില്‍ പാക്കിസ്ഥാന്‍ പര്യടനത്തിന് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ വെറു 16 വയസ്. കറാച്ചിയില്‍ പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം. ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും ഇളമുറക്കാരന്‍ അന്നും ഇന്നും സച്ചിന്‍ തന്നെ. അന്നുതുടങ്ങി 2013-ല്‍ മുംബൈയിലെ വാംഖഡെയില്‍ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തോടെ പാഡ് അഴിക്കുന്നതിനിടയിലെ 24 വര്‍ഷത്തെ ഓരോ മുഹൂര്‍ത്തവും ക്രിക്കറ്റ് ചരിത്രത്തിലുണ്ട്. സച്ചിന്റെ പേര് പതിയാതെ ഒരുവര്‍ഷവും കടന്നുപോയിട്ടില്ല.
മിക്ക കളിക്കാരും തങ്ങളുടെ കരിയര്‍ അവസാനിപ്പിക്കുന്ന പ്രായത്തില്‍ സച്ചില്‍ കുറിച്ചത് ഏകദിനക്രിക്കറ്റിലെ ആദ്യ ഡബിള്‍ സെഞ്ചുറിയാണ്. നീണ്ട 24 വര്‍ഷം ഒരു രാജ്യമാകെ കാത്തിരുന്നത് അയാള്‍ ഹെല്‍മറ്റ് ഊരി ആകാശത്തേക്കുയര്‍ത്തി ദൈവത്തിനു നന്ദി പറഞ്ഞ ശേഷം തങ്ങളെ അഭിവാദ്യം ചെയ്യുന്നതു കാണാനായിരുന്നു സച്ചിന്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യ വിശ്വസിച്ചു ഈ കളി നമ്മള്‍ തോല്‍ക്കില്ല. കാരണം തോല്‍ക്കാന്‍ മനസില്ലാത്ത ആളാണ് ക്രിസില്‍ ബാറ്റേന്തി നില്‍ക്കുന്നത്. അയാള്‍ ബാറ്റ് ചെയ്യുന്ന നേരമത്രയും ഇരുന്നിടത്തുനിന്ന് അനങ്ങുകപോലും ചെയ്യാതെ പ്രാര്‍ഥിച്ചു. 90 കളില്‍ സച്ചിന്‍ ഔട്ടായാല്‍ പിന്നെ കളിയില്ലായെന്ന് പറഞ്ഞ് ടിവി ഓഫ് ചെയ്യ്ത് പോയിരുന്ന ഒരു കലാഘട്ടവും നമ്മുക്ക് മുന്നിലുണ്ട്. ഒരു ജനതയുടെ ക്രിക്കറ്റ് ആവേശത്തിന്റെ പര്യായമായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ജീവിതത്തിന്റെ ക്രീസിലും അര്‍ധസെഞ്ചുറി തികയ്ക്കുകയാണ്.
തന്റെ പതിനാറാം വയസ്സില്‍ അരങ്ങേറ്റം കുറിച്ച ലിറ്റില്‍ മാസ്റ്റര്‍ പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാസ്റ്റര്‍ ബ്ലാസ്റ്ററായി ഉയരുമ്പോള്‍ മൈതാനത്ത് അദ്ദേഹത്തോട് മത്സരിക്കുന്നവര്‍ ബഹുദൂരം പിന്നിലായിരുന്നു. 1989 നവംബറില്‍ 16 വയസ് മാത്രം പ്രായമുള്ള സച്ചിന്‍ പാകിസ്ഥാനെതിരെ പാകിസ്ഥാനിലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 1990ല്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ രണ്ടാം ടെസ്റ്റിലാണ് സച്ചിന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി പിറക്കുന്നത്. പുറത്താവാതെ 159 പന്തില്‍ നിന്ന് 119 റണ്‍സ് സ്വന്തമാക്കിയ സച്ചിന്‍ ഇന്ത്യയ്ക്കുവേണ്ടി ടെസ്റ്റ് സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരന്‍ എന്ന ബഹുമതി സ്വന്തമാക്കി. ആ റെക്കാഡ് ഇപ്പോഴും നിലനില്‍ക്കുന്നു. 2011 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിക്കുന്നതില്‍ അദ്ദേഹം നിര്‍ണായകമായി. തൊട്ടടുത്ത വര്‍ഷം ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനെതിരേ സെഞ്ചുറി നേടി കരിയറില്‍ 100 അന്താരാഷ്ട്ര സെഞ്ചുറികള്‍ എന്ന നേട്ടം സച്ചിന്‍ കൈവരിച്ചു. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറികള്‍ തികച്ച ഏക ബാറ്റ്സ്മാന്‍, ടെസ്റ്റിലും ഏകദിനത്തിലും കൂടുതല്‍ സെഞ്ച്വറികള്‍, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം അര്‍ധസെഞ്ച്വറികള്‍, 50 അന്താരാഷ്ട്ര സെഞ്ച്വറികള്‍ നേടിയ ആദ്യ ക്രിക്കറ്റ് താരം, ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയ താരം എന്നിങ്ങനെ നിരവധി റെക്കോടുകളണ് അദേഹത്തിന്റെ ബാറ്റില്‍ പിറന്നത് 2008ല്‍ ബ്രയാന്‍ ലാറയെ മറികടന്ന് ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോററായി 2010 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിനത്തില്‍ സച്ചിന്‍ തന്റെ ആദ്യ ഇരട്ട സെഞ്ച്വറി നേടി. 2004 ഡിസംബറില്‍ ബംഗ്ലാദേശിനെതിരെ പുറത്താകാതെ 248 റണ്‍സാണ് ടെസ്റ്റിലെ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റായ ഹാരിസ് ഷീല്‍ഡില്‍ വിനോദ് കാംബ്ലിയുമായി ചേര്‍ന്ന് നേടിയ 664 റണ്‍സിന്റെ കൂട്ടുകെട്ടിനു ശേഷമാണ് ശ്രദ്ധ നേടിയത്. രഞ്ജി, ദുലീപ്, ഇറാനി ട്രോഫി മത്സരങ്ങളില്‍ അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടുന്ന ആദ്യ ക്രിക്കറ്റ് താരമായും സച്ചിന്‍ ശ്രദ്ധേനേടി. പിന്നീട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചതോടെ ലോകം സാക്ഷ്യംവഹിച്ചത് ഒരു മഹാപ്രതിഭയുടെ സമാനതകളില്ലാത്ത പ്രകടനങ്ങള്‍ക്കാണ്. 24 വര്‍ഷത്തെ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ അവസാനിക്കുമ്പോള്‍ 200 ടെസ്റ്റ് മത്സരങ്ങളില്‍നിന്ന് 15,921 റണ്‍സും 463 ഏകദിനങ്ങളില്‍നിന്ന് 18,426 റണ്‍സും തികക്കാനായി. 25 വയസ്സ് തികയുന്നതിനു മുമ്പുതന്നെ 16 ടെസ്റ്റ് സെഞ്ച്വറികള്‍ തികക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 2012ലാണ് സച്ചിന്‍ ഏകദിനത്തില്‍നിന്ന് വിരമിച്ചത്. 2013ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. സച്ചിന്റെ അവസാന ടെസ്റ്റ് മത്സരം വെസ്റ്റിന്‍ഡീസിനെതിരെ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് നടന്നത്. 2014ല്‍ രാജ്യം പരമോന്ന സിവിലിയന്‍ ബഹുമതിയായ ഭാരത് രത്ന നല്‍കി സച്ചിനെ ആദരിച്ചിരുന്നു. 2012 മുതല്‍ 2018 വരെ രാജ്യസഭാംഗത്വവും വഹിച്ചു.