ആഭ്യന്തര കലാപം തുടരുന്ന സുഡാനില്‍ നിന്ന് നാട്ടിലേക്ക് മടക്കികൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാറിന്റെ അടിയന്തര സഹായം തേടി വെടിവെപ്പില്‍ മരിച്ച കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും. ഖര്‍ത്തൂമിലെ ഫ്‌ലാറ്റില്‍ കുടുങ്ങിയിട്ട് 8 ദിവസമായെന്നും കുടിവെള്ളമടക്കം ലഭ്യമല്ലെന്നും എംബസി അടിയന്തര ഇടപെടല്‍ നടത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
സുഡാനിലെ തലസ്ഥാനമായ ഖര്‍ത്തൂമില്‍ ഫ്‌ലാറ്റില്‍ ഏപ്പില്‍ 15നാണ് സൈബല്ലയുടെ ഭര്‍ത്താവും കണ്ണൂര്‍ സ്വദേശിയുമായ ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ കൊല്ലപ്പെട്ടത്. ഫ്‌ലാറ്റിന്റെ ജനലരികില്‍ ഇരുന്ന് മകനോട് ഫോണില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വെടിയേറ്റത്. സംഘര്‍ഷം രൂക്ഷമായതോടെ മൃതദേഹം പോലും സ്ഥലത്ത് നിന്ന് മാറ്റാനാകാതെ ഫ്‌ലാറ്റിലെ ബേസ് മെന്റില്‍ അഭയം തേടുകയായിരുന്നു സൈബല്ലയും മകളും. മൃതദേഹം പിന്നീട് എംബസി സഹായത്തോടെ മൂന്നാം ദിവസമാണ് ആശുപത്രിയിലേക്ക് മാറ്റി. എട്ട് ദിവസമായി ഫ്‌ലാറ്റിന്റെ അടിത്തട്ടില്‍ കഴിയുകയാണ് സൈബല്ല. നിലവില്‍ കുടിവെള്ളമടക്കം കഴിഞ്ഞെന്നും നാട്ടിലേക്ക് മടക്കി കൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും സൈബല്ല ആവശ്യപ്പെടുന്നത്.
സൈബല്ലയുടെ ഫ്‌ലാറ്റിലെ മറ്റ് താമസക്കാരെയെല്ലാം വിവിധ രാജ്യങ്ങള്‍ മടക്കികൊണ്ടുപോയിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ എംബസിയില്‍ നിന്ന് തങ്ങളെ രാജ്യത്തേക്ക് മടക്കി കൊണ്ടുപോകുന്ന കാര്യത്തില്‍ യൊതൊരു അറിയിപ്പും ലഭിക്കുന്നില്ലെന്ന് സൈബല്ല വ്യക്തമാക്കുന്നു. രാജ്യത്തെ പൗരന്‍മാരെ മടക്കിക്കൊണ്ടുവരാന്‍ തയ്യാറെടുപ്പുകള്‍ നടക്കുന്നതായി നേരത്തെ എംബസി അറിയിച്ചിരുന്നു. എന്നാല്‍ നിലവില്‍ എപ്പോള്‍ ദൗത്യം നടക്കുമെന്നതില്‍ വിവരങ്ങളൊന്നുമില്ലാത്തത് നാട്ടിലെ ബന്ധുക്കളെയും ആശങ്കയിലാക്കുകയാണ്.