Thu. May 2nd, 2024

ബിജെപിക്കെതിരെ സംസാരിച്ചതുകൊണ്ടല്ല ജമ്മു-കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്കിനെ സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അന്വേഷണത്തിന്റെ ഭാഗമായി മൂന്നാം തവണയാണ് സത്യപാല്‍ മല്ലിക്കിനെ ചോദ്യം ചെയ്യുന്നതെന്നും അമിത് ഷാ പറഞ്ഞു. ‘എന്റെ അറിവ് വെച്ച്, സത്യപാല്‍ മല്ലിക്കിനെ രണ്ടാമത്തെയോ മൂന്നാമത്തെയോ തവണയാണ് ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസാണിത്. എന്തെങ്കിലും പുതിയ തെളിവോ വിവരമോ ഇപ്പോള്‍ ലഭിച്ചിരിക്കണം, അതാകും വീണ്ടും വിളിപ്പിച്ചത്. ഞങ്ങള്‍ക്കെതിരെ സംസാരിച്ചതുകൊണ്ടാണ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചതെന്ന ആരോപണങ്ങളില്‍ ഒരു സത്യവുമില്ല,’ അമിത് ഷാ പറഞ്ഞു. 

അതേസമയം, സത്യപാല്‍ മല്ലിക്കിനെ സി.ബി.ഐ ചോദ്യം ചെയ്യുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുന്നുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ന്യൂദല്‍ഹിയിലെ വസതിയിലേക്ക് ഹരിയാന, ദല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലെ ഖാപ് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ മൂന്നൂറോളം പേര്‍ പിന്തുണയുമായി എത്തിയിരുന്നു. തുടര്‍ന്ന് അനുമതിയില്ലാതെ യോഗം നടത്തിയെന്ന് ആരോപിച്ച് ഇക്കൂട്ടത്തിലെ നേതാക്കളായ മുപ്പതോളം പേരെ ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.