Mon. Dec 23rd, 2024

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തും. നാളെ വൈകീട്ട് കൊച്ചിയിൽ സംഘടിപ്പിക്കുന്ന റോഡ് ഷോയ്ക്ക് ശേഷം യുവം പരിപാടിയിൽ മോദി പങ്കെടുക്കും. മറ്റന്നാൾ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി വന്ദേഭാരത്, ജലമെട്രോ അടക്കമുള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്യും. 

സുരക്ഷ ഭീഷണി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയ്ക്കായി കൊച്ചിയിൽ ഒരുക്കുന്നത്. നാളെ വൈകീട്ട് അഞ്ച് മണിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി നാവിക സേന വിമാനത്താവളത്തിൽ എത്തും. തുടർന്ന് റോഡ് ഷോയായി തേവര എസ്എച്ച് കോളേജിലേക്ക് പോകും. കോളേജ് മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ യുവം പരിപാടിയിൽ യുവാക്കളുമായി മോദി സംവദിക്കും.

അതേസമയം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ക്ഷണിച്ചിരിക്കുന്നത് എട്ട് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെയാണ്. യുവം പരിപാടി നടക്കുന്ന തേവര എസ്എച്ച് കോളേജിലും വെച്ച് പ്രധാനമന്ത്രി ഇവരെ കാണും. മാർ ജോർജ്ജ് ആലഞ്ചേരി. ബസേലിയോസ് മാർതോമ്മ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ, ജോസഫ് മാർ ഗ്രീഗോറിയോസ്,  മാർ മാത്യു മൂലക്കാട്ട്, മാർ ഔജിൻ കുര്യാക്കോസ്, കർദ്ദിനാൾ മാർ ക്ലീമിസ്,  ആർച്ച്ബിഷപ് മാർ ജോസഫ് കളത്തിപ്പറമ്പിൽ, . കുര്യാക്കോസ് മാർ സേവേറിയൂസ് എന്നിവർക്കാണ് ക്ഷണം. 

അതിനിടെ പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാനുള്ള പൊലീസ് വിന്യാസം ചോര്‍ന്നതില്‍ ഡിജിപി റിപ്പോർട്ട് തേടി.  ഇൻറലിജൻസ് മേധാവിയോട് ചോർച്ചയിൽ അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് നൽകാന്‍ നിർദ്ദേശം നല്‍കി.  പ്രധാനമന്ത്രിയുടെ സന്ദർശന ഭാഗമായി തെക്കൻ കേരളത്തിലും സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി.

സുരക്ഷയൊരുക്കാനുള്ള ക്രമീകരണം ചോർന്നതില്‍ പ്രധാനമന്ത്രിയുടെ ഓഫീസോ കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടാൻ സാധ്യതയുണ്ട്.  സംസ്ഥാനത്തിന് കൃത്യമായ മറുപടി നൽകണമെങ്കിൽ സമഗ്രമായ അന്വേഷണം കൂടിയേ തീരു.  ഇത് മുന്നിൽ കണ്ടാണ്ടാണ് ഡിജിപി റിപ്പോർട്ട് തേടിയത്.  അതീവ സുരക്ഷ പ്രാധാന്യമുള്ള റിപ്പോർട്ട് സേനയിൽ നിന്നുതന്നെ ചോർന്നത് ഗൗരവത്തോടെയാണ് ആഭ്യന്തരവകുപ്പ് കാണുന്നത്. രഹസ്യ സ്വഭാവത്തോടെ അയച്ച സന്ദേശം, താഴെ തട്ടിലേക്ക് വാട്സ് ആപ്പ് വഴി അയച്ചപ്പോഴാണ് ചോർന്നതെന്നാണ് നിഗമനം.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.