ഉഷ്ണതരംഗത്തില്‍ കഴിഞ്ഞവര്‍ഷം യൂറോപ്പില്‍ മരിച്ചത് 15,700 പേരെന്ന് യുഎന്‍ കാലാവസ്ഥ സംഘടനയുടെ റിപ്പോര്‍ട്ട്. ലോകമെങ്ങും മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും ഉഷ്ണതരംഗം വലിയ തോതില്‍ ബാധിച്ചു വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തരീക്ഷത്തില്‍ ചൂടിനെ പിടിച്ചുനിര്‍ത്തുന്ന ഗ്രീന്‍ഹൗസ് വാതകങ്ങളുടെ അളവ് കുത്തനെ ഉയരുന്നത് ആഗോള തലത്തില്‍ വെള്ളപ്പൊക്കം, വരള്‍ച്ച, ഉഷ്ണതരംഗം തുടങ്ങിയ സംഭവങ്ങള്‍ വര്‍ധിച്ചതായി ഡബ്ല്യുഎംഒയുടെ 2022ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രീന്‍ ഹൗസ് വാതകങ്ങളായ കാര്‍ബണ്‍ ഡയോക്സൈഡ്, മീഥെയിന്‍, നൈട്രസ് ഓക്സൈഡ് എന്നിവയുടെ അളവ് 2022 ല്‍ വര്‍ധിച്ചതായും പറയുന്നുണ്ട്. വരള്‍ച്ച, വെള്ളപ്പൊക്കം, ഉഷ്ണതരംഗം എന്നിവ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെയും ഭൂഖണ്ഡങ്ങളിലെയും സമൂഹത്തെ സാരമായി ബാധിക്കുകയും കോടിക്കണക്കിന് തുക ചെലവാക്കുന്നതിന് കാരണമായതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എട്ട് വര്‍ഷത്തിനിടയിലെ ആഗോള ശരാശരി താപനില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നതാണ്. 1850-1900ലെ ശരാശരിയേക്കാള്‍ 1.15 ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടുതലായിരുന്നു 2022 ല്‍ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.