Wed. Jan 22nd, 2025

തിരുവനന്തപുരം: ജസ്റ്റിസ് എസ്.വി ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. അഞ്ച് ചീഫ് ജസ്റ്റിസുമാരുടെ നിയമന ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം കേന്ദ്രസര്‍ക്കാരിന് നല്‍കി. ജസ്റ്റിസ് എസ്.മുരളീധറിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള ശുപാര്‍ശ കൊളീജിയം പിന്‍വലിച്ചു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ജസ്റ്റിസ് എസ്.വി ഭട്ടിയെ നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തത്. 2019 മാര്‍ച്ച് 19 മുതല്‍ അദ്ദേഹം കേരള ഹൈക്കോടതിയില്‍ ജഡ്ജിയാണ് സേവനം അനുഷ്ഠിക്കുന്നു. സീനിയര്‍ ജഡ്ജ് എന്നനിലയില്‍ ജസ്റ്റിസ് ഭട്ടിയുടെ അനുഭവ സമ്പത്തിനൊപ്പം നിലവില്‍ ആന്ധ്രപ്രദേശ് ഹൈക്കോടതിയില്‍ നിന്നുള്ള ആരും രാജ്യത്തെ ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസുമാരായി സേവനമനുഷ്ഠിക്കുന്നില്ല എന്നതും കൊളീജിയം പരിഗണിച്ചു. ജസ്റ്റിസ് എസ്.വി ഗംഗാപുര്‍വാലയെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും ജസ്റ്റിസ് ആര്‍.ഡി ധനുകയെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായും ജസ്റ്റിസ് എം.എസ് രാമചന്ദ്ര റാവുവിനെ ഹിമാചല്‍പ്രദേശ് ചീഫ്ജസ്റ്റിസായും ജസ്റ്റിസ് എ.ജി മസിഹിനെ പഞ്ചാബ് ആന്‍ഡ് ഹരിയാന ചീഫ് ജസ്റ്റിസായും നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ജസ്റ്റിസ് എസ് മുരളീധറിനെ മദ്രാസ് ഹൈക്കോടതി ചീഫ്ജസ്റ്റിസായി നിയമിക്കാനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാന്‍ വൈകുന്നതിനാല്‍ കൊളീജിയം തിരിച്ചു വിളിച്ചു. കൂടാതെ മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ടി രാജയെ മാറ്റാനുള്ള മുന്‍ശുപാര്‍ശ കൊളീജിയം ശക്തമായി ആവര്‍ത്തിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം