Thu. May 9th, 2024

കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസില്‍ മുന്‍മന്ത്രി വി എസ് ശിവകുമാര്‍ ഇന്ന് കൊച്ചി ഇഡി ഓഫീസില്‍ ഹാജരാകില്ല. ഇന്ന് ഹാജരാകേണ്ടതില്ലെന്ന് ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ശിവകുമാര്‍ പറഞ്ഞു. ഇഡിക്ക് മുന്നില്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് പത്ത് മണിയോടെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകണമെന്നായിരുന്നു ശിവകുമാറിന് നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍, പിന്നീട്് ഹാജരാകേണ്ടെന്ന് ഇഡി അറിയിക്കുകയായിരുന്നു. അതേസമയം, ഇനി എന്നാണ് ഹാജരാകേണ്ടത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. തീയതി പിന്നീട് അറിയിക്കുമെന്നാണ് വിവരം. ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് വി.എസ് ശിവകുമാറിന്റെ ആസ്തി വകകളില്‍ വലിയ വ്യത്യാസമുണ്ടായെന്നും തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം ബിനാമിയിലൂടെ ശിവകുമാര്‍ നേടിയെടുത്തുവെന്നും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍ച്ചയായാണ് കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണത്തിലേക്ക് ഇ.ഡി കടക്കുന്നത്. 2020ല്‍ ശിവകുമാറിന്റെയും ബിനാമികളുടെയും വീടുകളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം