മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജോ ജോസഫ്, അജയ് ബോസ് എന്നീ വ്യക്തികളും സേവ് കേരള ബ്രിഗേഡ്, പെരിയാർ പ്രൊട്ടക്ഷൻ മൂവമെന്റ് എന്നീ സംഘടനകളും നൽകിയ ഹർജികളാണ് ഇന്ന് സുപ്രിംകോടതി പരിഗണിക്കുക.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരിശോധനയ്ക്കു സുപ്രിംകോടതി സമയപരിധി നിശ്ചയിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ നവംബറിൽ കോതമംഗലം സ്വദേശി ജോ ജോസഫ് സുപ്രിം കോടതിയെ സമീപിച്ചത്. കേന്ദ്ര ജല കമ്മിഷൻ പ്രസിദ്ധീകരിച്ചിട്ടുള്ള മാർഗരേഖ പ്രകാരം രാജ്യത്തെ എല്ലാ വലിയ അണക്കെട്ടുകളുടെയും സുരക്ഷാ പരിശോധന പത്തു വർഷത്തിലൊരിക്കൽ നടത്തേണ്ടതാണ്.
എന്നാൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന ഏറ്റവുമൊടുവിൽ നടന്നത് 2010-11 കാലഘട്ടത്തിലാണെന്ന് ഹർജ്ജി പറയുന്നു. അതിനുശേഷം കേരളത്തിൽ രണ്ട് പ്രളയങ്ങളുണ്ടായെന്നും അപേക്ഷയിൽ പറയുന്നു. അതെസമയം, മുല്ലപ്പെരിയാർ അണകെട്ടിന്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷനും സുപ്രീംകോടതി രൂപീകരിച്ച മേൽനോട്ട സമിതിയും സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.