Mon. May 6th, 2024

ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തുവെന്ന കേസിൽ ഉയർന്നു വന്ന ആക്ഷേപങ്ങളിൽ വിശദീകരണക്കുറിപ്പിറക്കി ലോകായുക്ത. കേസിലെ ഭിന്ന വിധി, ഇഫ്ത്താർ വിരുന്നിൽ പങ്കെടുത്തത്, പരാതിക്കാരനെതിരായ പേപ്പട്ടി പരാമർശം തുടങ്ങിയ കാര്യങ്ങളിൽ വിശദീകരണം നല്കിയാണ് കുറിപ്പിറക്കിയിരിക്കുന്നത്. ലോകായുക്തയുടെ ചരിത്രത്തില്‍ ആദ്യമായാണ്, ഒരു കേസുമായി ബന്ധപ്പെട്ട് വാര്‍ത്താക്കുറിപ്പ് ഇറക്കുന്നത്. ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന കേസ് ഫുള്‍ ബെഞ്ചിനു വിട്ട രണ്ടംഗ ബെഞ്ചിന്റെ വിധി വിശദീകരിക്കാന്‍ നിയമപരമായ ബാധ്യതയില്ലെന്ന് കുറിപ്പില്‍ പറയുന്നു. എന്തുകൊണ്ട് ഭിന്ന വിധി എന്നതില്‍ വിശദീകരണം ആവശ്യമില്ല. നേരത്തെയും ഭിന്ന വിധി വന്നപ്പോള്‍ അത് എന്തുകൊണ്ടെന്നു വിധിന്യായത്തില്‍ വിശദീകരിച്ചിട്ടില്ലെന്ന് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയുടെ ഇഫ്ത്താർ വിരുന്നിൽ പങ്കെടുത്ത കാര്യത്തിലും കുറിപ്പിൽ വിശദീകരണമുണ്ട്. സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ വിരുന്നിലാണ് പങ്കെടുത്തതെന്നും സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാർ ഇത്തരത്തിലുള്ള വിരുന്നുകളിൽ പങ്കെടുക്കുന്നത് പതിവാണെന്നും കുറിപ്പിൽ പറഞ്ഞു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.