Mon. Dec 23rd, 2024

മുംബൈ: മുംബൈയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പൊതുപരിപാടിയില്‍ പങ്കെടുത്ത 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍സിപി. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ദുരന്തമെന്ന് എന്‍സിപി നേതാവ് അജിത് പവാര്‍ ആരോപിച്ചു. ആസൂത്രണം പിഴച്ചുവെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെയും പറഞ്ഞു. സൂര്യാതപമേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന എം.ജി.എം കമോത്ത് ആശുപത്രിയില്‍ ഉദ്ധവ് താക്കറെയും മകന്‍ ആദിത്യ താക്കറെയും എന്‍.സി.പി നേതാവ് അജിത് പവാറും സന്ദര്‍ശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യ അതിഥിയായ മഹാരാഷ്ട്രാ ഭൂഷണ്‍ പുരസ്‌കാര ദാന ചടങ്ങാണ് 11 പേരുടെ മരണത്തിന് കാരണമായത്. നവി മുബൈയില വലിയ മൈതാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ കാണികള്‍ക്ക് ഇരിക്കാനായി ഒരുക്കിയ ഭാഗത്ത് മേല്‍ക്കൂര തയ്യാറാക്കിയിരുന്നില്ല. 38 ഡിഗ്രി സെല്‍ഷ്യസായിരുന്നു പ്രദേശത്ത് ഞായറാഴ്ച രേഖപ്പെടുത്തിയ താപനില. ഈ കഠിനമായ ചൂടിനിടെ പകല്‍ 11 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയായിരുന്നു ചടങ്ങ് നടന്നത്. കടുത്ത വേനലില്‍ മതിയായ മുന്‍കരുതല്‍ സംഘാടകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ദാരുണമായ സംഭവം ഉണ്ടായത്. എല്ലാവരുടെയും ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം