Wed. Jan 22nd, 2025

മുട്ടിനകം ഡിപ്പോ കടവിലെ അനധികൃത പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം നടന്നിട്ട് ഒരു മാസം തികയുമ്പോഴും നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരത്തിനുള്ള നടപടികള്‍ ഒന്നുമായില്ല. വീട് വാസയോഗ്യമല്ലാത്ത തരത്തില്‍ തകര്‍ന്നു പോയ മുട്ടിനകം സ്വദേശി ബിജുവിന്റെ കുടുംബത്തിന് ഇതുവരെ അധികൃതരുടെ ഭാഗത്തു നിന്നുള്ള സഹായം ലഭിച്ചിട്ടില്ല. രണ്ടു വര്‍ഷം മുന്‍പ് നിര്‍മിച്ച പുതിയ വീടാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. വരാപ്പുഴയിലെ വീട്ടില്‍ താമസിക്കാന്‍ സാധിക്കാത്തതിനാല്‍ ഇവര്‍ നെട്ടൂരിലെ ബന്ധുവിന്റെ വീട്ടിലാണ് ഇപ്പോള്‍ കഴിയുന്നത്.


കേടുപാടുകള്‍ പറ്റിയ ഏതാനും വീടുകള്‍ വരാപ്പുഴ അതിരൂപതയുടെയും ഇടവകയുടെയും നേതൃത്വത്തില്‍ നന്നാക്കി നല്‍കിയിട്ടുണ്ട്. അധികൃതരുടെ സഹായം പ്രതീക്ഷിച്ചു നില്‍ക്കാതെ സ്വന്തം ചെലവില്‍ തന്നെ അറ്റകുറ്റപ്പണികള്‍ നടത്തിയവരും ഏറെയുണ്ട്. ഫെബ്രുവരി 28ന് വൈകിട്ട് അഞ്ചു മണിയോടെയാണു വരാപ്പുഴയും സമീപപ്രദേശങ്ങളെല്ലാം വിറപ്പിച്ച സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ പടക്കം നിര്‍മാണശാലയും അനധികൃതമായി പടക്കം നിര്‍മിച്ചിരുന്ന വീടും പൂര്‍ണമായും തകര്‍ന്നു. സ്‌ഫോടനത്തില്‍ നഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം എത്രയും വേഗത്തില്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.