Mon. Dec 23rd, 2024

ഡല്‍ഹി: ശബരിമല വിമാനത്താവളത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. കോട്ടയം ജില്ലയില്‍ ചെറുവള്ളി എസ്റ്റേറ്റില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന വിമാനത്താവളത്തിനാണ് കേന്ദ്രവ്യോമയാന മന്ത്രാലയം അനുമതി നല്‍കിയത്. സംസ്ഥാനം സമര്‍പ്പിച്ച സാങ്കേതിക, സാമ്പത്തിക സാധ്യതാ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് നടപടി. പരിസ്ഥിതി മന്ത്രാലയം, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ധനകാര്യമന്ത്രാലയം തുടങ്ങിയവയുടെ അംഗീകാരത്തിനായി പ്രദേശത്ത് പാരിസ്ഥിതിക, സാമൂഹിക ആഘാതപഠനം നടന്നുവരികയാണ്. വ്യോമയാനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചകതോടെ ഇനി വിശദപദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലേക്ക് പോകാനാകുമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ വി. തുളസീദാസ് പറഞ്ഞു. വിമാനത്താവളത്തിനായി പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി നേരത്തെ ലഭിച്ചിരുന്നു. ചെറുവള്ളി എസ്റ്റേറ്റിലെ 2266 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നത്. അതേസമയം, പ്രാഥമിക സാധ്യതാപഠനത്തില്‍ റണ്‍വേയുടെ ദിശയിലും ഘടനയിലും വ്യോമയാനമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ടേബിള്‍ ടോപ്പ് മാതൃകയിലുള്ള റണ്‍വേ സുരക്ഷ കുറവുള്ളതാണെന്ന് മന്ത്രാലയം സൂചിപ്പിച്ചു. ഇത് പരിഹരിക്കാന്‍ എസ്റ്റേറ്റിന് പുറത്ത് 307 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കാനാണ് തീരുമാനം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം