Wed. Jan 22nd, 2025

 

ഇന്ത്യയുടെ ഭരണഘടനാ ശില്‍പി, സാമൂഹിക പരിഷ്‌കര്‍ത്താവ്, ജാതി വിമോചകന്‍ തുടങ്ങി നിരവധി വിശേഷങ്ങളുള്ള ഡോ. ബി ആര്‍ അംബേദ്ക്കറിന്റെ ജന്മദിനമാണ് ഏപ്രില്‍ 14. ഇന്ത്യന്‍ ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും ഒരു മതാത്മകമായ ഭരണകൂടത്തിന് കീഴില്‍ വെല്ലുവിളികള്‍ നേരിടുന്ന രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിലാണ് അംബേദ്ക്കറിന്റെ ജന്മദിനം ആഘോഷിക്കപ്പെടുന്നത്. ജാതിയുടെയും അയിത്തത്തിന്റേതുമായ ഒരു സാമൂഹ്യ വ്യവസ്ഥയില്‍ മര്‍ദ്ദിതരായി കഴിയേണ്ടി വന്ന ജനതയുടെ വിമോചനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് അംബേദ്ക്കര്‍ പോരാടിയത്. ബ്രാഹ്‌മണാധികാരത്തില്‍ അധിഷ്ഠിതമായ ജാതിവ്യവസ്ഥയില്‍ നിന്നും കീഴാള, ന്യൂനപക്ഷ ജനതയുടെ മോചനത്തിനു വേണ്ടിയാണ് അംബേദ്ക്കര്‍ തന്റെ ജീവിതം മുഴുവന്‍ മാറ്റിവെച്ചത്. അംബേദ്കറുടെ ഭരണഘടന- നിയമ- ഭരണരംഗത്തെ പരിജ്ഞാനവും ഇടപെടലുകളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതുപോലെ കീഴാള വിഭാഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ജാതിവ്യവസ്ഥ സൃഷ്ടിക്കുന്ന സാമൂഹിക അരക്ഷിതാവസ്ഥയെക്കുറിച്ചും അദ്ദേഹം നടത്തിയ വിശകലങ്ങള്‍, ഇടപെടലുകള്‍, ഒട്ടേറെ പഠനങ്ങള്‍ക്കും സാമൂഹിക മാറ്റത്തിനും കാരണമായിട്ടുണ്ട്.

തൊട്ടുകൂടായ്മയുടെ ഭൗതികവും ആത്മീയവുമായ പീഡനങ്ങള്‍ അനുഭവിച്ചുകൊണ്ടുതന്നെയാണ് അദ്ദേഹം ജാതി വ്യവസ്ഥയുടെ ഭീകര പാഠങ്ങള്‍ മനസിലാക്കുന്നത്. തന്റെ ആത്മകഥാകുറിപ്പില്‍ തന്റെ ഗ്രാമത്തില്‍ നിന്നും ഗോറിഗോവിലേക്കുള്ള യാത്രയില്‍ എങ്ങനെയാണ് താനൊരു അയിത്തജാതിയില്‍പെട്ട ബാലനാണെന്ന് തിരിച്ചറിഞ്ഞതെന്നും ഇത് സമൂഹത്തിലാകെ വ്യാപിച്ചുകിടക്കുന്ന വേര്‍തിരിവിന്റെയും വിവേചനങ്ങളുടെയും അനുഭവസാക്ഷ്യമായിരുന്നെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. ഈ തിരിച്ചറിവാണ് ജാതിയുടെ ഉത്ഭവത്തെയും അതിന്റെ ഉന്മൂലനത്തെയും കുറിച്ചുള്ള അന്വേഷണങ്ങളിലേക്ക് അംബേദ്ക്കറെ തിരിച്ചുവിടുന്നത്. അസ്പൃശ്യതയുടെ അനുഭവസാക്ഷ്യത്തെ കേവലം വൈകാരിക തലത്തില്‍ സമീപിക്കുകയല്ല അംബേദ്ക്കര്‍ ചെയ്തത്. അതിനെ ഉന്മൂലനം ചെയ്യാനുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങള്‍ എന്തെന്നും കണ്ടെത്തുകയും ആ ദിശയിലുള്ള ധീരമായ സംവാദങ്ങള്‍ക്ക് തുടക്കം കുറിക്കുകയുമായിരുന്നു അംബേദ്ക്കര്‍ ചെയ്തത്.

1891 ഏപ്രില്‍ 14ന് മഹാരാഷ്ട്രയിലെ അംബവാഡിയില്‍ മഹര്‍ എന്ന ദലിത് സമുദായത്തിലാണ് ഡോ. അംബേദ്കര്‍ ജനിക്കുന്നത്. അച്ഛന്‍ റാംജിസക്പാല്‍, അമ്മ ഭീമാഭായി. ക്ലാസ് മുറിയില്‍ സഹപാഠികളോടൊപ്പം ഇരിക്കാന്‍ പോലും അനുവാദമില്ലാത്തത്ര ജാതി വിവേചനത്തിന്റെയും അസ്പൃശ്യതയുടെയും പീഡനങ്ങള്‍ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസ കാലം. സ്‌കൂളിലെ പൊതുടാപ്പില്‍ നിന്ന് വെള്ളമെടുത്തു കുടിക്കുന്നതില്‍നിന്നുപോലും വിലക്കപ്പെട്ടിരുന്ന അംബേദ്കര്‍ ക്ലാസ് മുറിയുടെ മൂലയില്‍ ഒരു ചാക്ക് കഷണം വിരിച്ച് അതിലിരുന്നാണ് പഠിച്ചത്. ഡപ്പോളിയില്‍ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ച അംബേദ്കര്‍ മുംബൈയിലെ മറാഠി ഹൈസ്‌കൂളില്‍ പഠിച്ചു. തുടര്‍പഠനത്തിന് കലശലായ ആഗ്രഹമുണ്ടായിരുന്നെങ്കിലും സാമ്പത്തിക ഞെരുക്കം തടസ്സമായപ്പോള്‍ ബറോഡാ രാജാവ് ഗെയ്ക് വാദ് അധകൃത വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിനായി പ്രഖ്യാപിച്ച സ്‌കോളര്‍ഷിപ്പ് ഉപയോഗപ്പെടുത്തി ബി എക്ക് പഠിച്ച് ഉയര്‍ന്ന മാര്‍ക്ക് വാങ്ങി. ജോലിയോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും താഴ്ന്ന ജാതിക്കാരനായതുകൊണ്ട് ആരും ജോലി നല്‍കിയില്ല. ഈ സമയത്ത് സമര്‍ഥരായ ഏതാനും വിദ്യാര്‍ഥികളെ അമേരിക്കയിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കാനുള്ള ബറോഡ രാജാവിന്റെ തീരുമാനം അംബേദ്കര്‍ക്ക് ഉപകാരപ്പെട്ടു. അങ്ങനെ 1913 ജൂലൈയില്‍ അദ്ദേഹം ന്യൂയോര്‍ക്കിലെത്തി പുതിയ പഠനത്തിന് തുടക്കം കുറിച്ചു. ശാസ്ത്രം, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളിലെ ഗവേഷണ പഠനത്തിന് മാസ്റ്റര്‍ ബിരുദവും ഇന്ത്യയിലെ ജാതി വ്യവസ്ഥകളെക്കുറിച്ചും അവരുടെ ജീവിത പതിതാവസ്ഥകളെക്കുറിച്ചുമുള്ള പഠനത്തിന് ഡോക്ടറല്‍ ബിരുദവും കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നേടി. 1916ല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ സാമ്പത്തിക ശാസ്ത്രം പഠിക്കുകയും ‘രൂപയുടെ പ്രശ്‌നം’ എന്ന പ്രബന്ധത്തിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടുകയും ചെയ്തു.

1956 ഡിസംബര്‍ ആറിന് അദ്ദേഹം മരിക്കുമ്പോള്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒമ്പതു വര്‍ഷവും ഭരണഘടന നിലവില്‍വന്നിട്ട് അഞ്ചു വര്‍ഷവുമേ ആയിരുന്നുള്ളു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയായിരുന്നു അംബേദ്കര്‍ മുന്നോട്ടുവച്ച വിമോചന ദര്‍ശനത്തിന്റെ അടിത്തറ. ജാതി ഉന്മൂലനം ആയിരുന്നു അദ്ദേഹത്തിന്റെ ആത്യന്തിക ലക്ഷ്യം. ലോകത്ത് ഒരിടത്തും കാണാന്‍ കഴിയാത്ത ഇന്ത്യയില്‍ മാത്രം പ്രകടമായിരുന്ന ജാതി വ്യവസ്ഥയുടെ ഉള്ളറകള്‍ അദ്ദേഹം വെളിവാക്കി. ജാതി വ്യവസ്ഥയെ സംബന്ധിച്ച് ഗാന്ധിജിക്കും മറ്റുമുള്ള മറുപടികളുടെ പുസ്തക രൂപമാണ് 1936-ല്‍ പ്രസിദ്ധീകൃതമായ ‘ജാതി ഉന്മൂലനം’ എന്ന കൃതി. ജാതിയുടെ ആശയാടിത്തറയെ വെല്ലുവിളിച്ച മറ്റൊരു കൃതിയാണ് ‘ആരാണ് ശൂദ്രര്‍’. അംബേദ്കറെ സംബന്ധിച്ചിടത്തോളം ജാതി എന്നത് തുല്യത നേടുന്നതോടെ ഇല്ലാതാകുന്നതല്ല. ചില കാര്യങ്ങളില്‍ ഔപചാരികമായി തുല്യത കാണുന്നതുകൊണ്ട് കാര്യവുമില്ല. ജാതി ഒരു മാനസികാവസ്ഥയാണ്. ശ്രേണീകൃത അസമത്വമാണ്.

1924 ജൂലൈ 20ന് ‘ബഹിഷ്‌കൃത് ഹിതകാരിണി സഭ’ എന്നൊരു സംഘടനക്ക് അംബേദ്ക്കര്‍ രൂപം കൊടുത്തിരുന്നു. അധസ്ഥിത ജനങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസ പ്രചാരണം, അവരുടെ സാമൂഹികവും സാമ്പത്തികവുമായുള്ള ഉന്നമനം, സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കല്‍ തുടങ്ങിയവയായിരുന്നു സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍. 1925 ജനുവരി നാലിന് ബഹിഷ്‌കൃത് ഹിതകാരിണി സഭയുടെ നേതൃത്വത്തില്‍ ദലിത് വിദ്യാര്‍ഥികള്‍ക്കായി ഹോസ്റ്റല്‍ ആരംഭിച്ചു. 1927ല്‍ ‘ബഹിഷ്‌കൃത് ഭാരത്’ എന്ന പേരില്‍ ഒരു പത്രം തുടങ്ങി. ഇതേ വര്‍ഷം തന്നെയാണ് ബോംബെ ലെജിസ്ലേറ്റിവ് അസംബ്ലിയിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നതും മഹദ് കലാപമുണ്ടാവുന്നതും.

അസ്പൃശ്യരായ ജനങ്ങള്‍ അംബേദ്കറുടെ നേതൃത്വത്തില്‍ വിലക്കപ്പെട്ട ചൗദാര്‍ കുളത്തില്‍ നിന്ന് വെള്ളമെടുത്തുകൊണ്ട് അവകാശം സ്ഥാപിച്ചതിനെതിരെ ജാതിവാദികള്‍ അഴിച്ചുവിട്ട അതിക്രമമാണ് മഹദ് കലാപമെന്നറിയപ്പെടുന്നത്. സ്ത്രീകളുടെ വിമോചനം, കര്‍ഷകത്തൊഴിലാളികള്‍ക്ക് മിനിമം കൂലി നിജപ്പെടുത്തുക, ജന്മിത്തം അവസാനിപ്പിക്കുക, ചെറുകിട കര്‍ഷകരുടെ ജലസേചന നികുതി നിലവിലുള്ളതിന്റെ അമ്പതു ശതമാനമാക്കി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുമായി അംബേദ്കറുടെ നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നു.

ഹിന്ദുമതത്തിലെ ജാതി വിവേചനത്തില്‍ പ്രതിഷേധിച്ചാണ് 1956ല്‍ നാഗപ്പൂരിലെ ഭിക്ഷാഭൂമിയില്‍ വെച്ച് മൂന്ന് ലക്ഷം അനുയായികളോടൊപ്പം അംബേദ്കര്‍ ബുദ്ധമതത്തിലേക്ക് പ്രവേശിക്കുന്നത്. മതപരിവര്‍ത്തനം ആധ്യാത്മിക പ്രവര്‍ത്തനമല്ലെന്നും കൃത്യമായ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും അംബേദ്കര്‍ ബോധ്യപ്പെടുത്തി. ഇതിനുമുമ്പുതന്നെ ഹിന്ദുമതത്തിലെ ചാതുര്‍വര്‍ണ്യത്തിനെതിരെ അംബേദ്കര്‍ രംഗത്തുവരുന്നുണ്ട്. 1927ലാണ് അംബേദ്കര്‍ മനുസ്മൃതി പരസ്യമായി ചുട്ടെരിക്കുന്നത്. ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതമായ വിചാരധാരയിലേക്ക് ഇന്ത്യന്‍ സമൂഹത്തെ വഴിതിരിച്ചുവിടാന്‍ കച്ചകെട്ടിയിറങ്ങിയ ആര്‍.എസ്.എസ് രൂപീകരിക്കപ്പെട്ട കാലവും ഇതായിരുന്നുവെന്നത് ഏറെ പ്രസക്തമാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ സാമൂഹിക വിപ്ലവമായിരുന്നു മനുസ്മൃതിയുടെ ഈ പരസ്യ വിചാരണ.

അയിത്തവും അനാചാരങ്ങളും ഇല്ലാതാക്കി ജാതി വ്യവസ്ഥ പരിഷ്‌ക്കരിച്ചാല്‍ മാത്രം മതി എന്ന ഗാന്ധിയുടെ നിലപാടിന് വിരുദ്ധമായി അംബേദ്കര്‍ ജാതി നശിപ്പിക്കണം എന്ന നിലപാടില്‍ ഉറച്ചു നിന്നു. ജാതി വ്യവസ്ഥയെ ആദര്‍ശവത്കരിച്ച് നിലനിര്‍ത്തുന്ന ഹിന്ദു മതത്തിന്റെ വിശുദ്ധ സംഹിതകളേയെല്ലാം എതിര്‍ക്കുകയും ജാതി വ്യവസ്ഥയുടെ ദൈവികതയെ നിഷേധിച്ച അദ്ദേഹം അത് സനാതനമല്ലെന്നും സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്നീ അടിസ്ഥാന മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ വ്യവസ്ഥയാണ് ഇന്ത്യക്കഭികാമ്യമെന്നും ആവര്‍ത്തിച്ചു പറഞ്ഞു.

ഇന്ത്യന്‍ ഭരണപരിഷ്‌കാരത്തിനാവശ്യമായ ആശയങ്ങള്‍ വട്ടമേശ സമ്മേളനങ്ങളിലാണ് അംബേദ്കര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഇന്ത്യയിലെ അടിസ്ഥാന വര്‍ഗത്തിന്റെ മുന്നേറ്റങ്ങളെ സംബന്ധിച്ചും ഇന്ത്യയ്ക്ക് ഫെഡറല്‍ ഭരണ സംവിധാനമാണ് വേണ്ടതെന്നും അംബേദ്കര്‍ അടിവരയിടുന്നത് വട്ടമേശ സമ്മേളനത്തിലാണ്. ഇന്ത്യയില്‍ മതത്തെക്കാള്‍ മനുഷ്യനെ ഭിന്നിപ്പിക്കുന്നതും മനുഷ്യനെ മനുഷ്യനില്‍ നിന്ന് അകറ്റുന്നതും ജാതിയാണെന്നും അതിന്റെ അടിസ്ഥാനം ചാതുര്‍വര്‍ണ്യമാണെന്നും അംബേദ്കര്‍ വട്ടമേശ സമ്മേളനങ്ങളില്‍ സമര്‍ത്ഥിക്കുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ച് വലിയ രാഷ്ട്രീയ സംവാദങ്ങള്‍ക്ക് വേദിയാവുകയായിരുന്നു വട്ടമേശ സമ്മേളനങ്ങള്‍.

ഇന്ത്യന്‍ ഭരണഘടനയുടെ കരട് നിര്‍മാണത്തിന്റെ ഉത്തരവാദിത്വം അംബേദ്കറിലേക്ക് വന്നുചേരുന്ന സാഹചര്യത്തിലേക്ക് നയിച്ചതും വട്ടമേശ സമ്മേളനങ്ങളായിരുന്നു. 1928ലെ സൈമണ്‍ കമീഷന്‍ നിര്‍ദേശിച്ച പ്രകാരം ഇന്ത്യയില്‍ രണ്ട് മോഡല്‍ ഭരണഘടനകള്‍ തയ്യാറാക്കപ്പെടുന്നുണ്ട്. ഒന്ന് അംബേദ്കറും മറ്റൊന്ന് മോത്തിലാല്‍ നെഹ്‌റുവും തയ്യാറാക്കിയതായിരുന്നു. ഇതില്‍ അംബേദ്കറുടെ മോഡല്‍ ഭരണഘടനയാണ് മികവുറ്റത് എന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും അംഗീകരിക്കുന്നുണ്ട്. ലോകത്തിന്റെ മുമ്പില്‍ ഭരണഘടന നിര്‍മിതിയുടെ പൂര്‍വ്വ മാതൃകകള്‍ ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ ആദ്യ ചുവടുവെപ്പ് അമേരിക്കയുടെതായിരുന്നു. അതുകൊണ്ടുതന്നെ ഭരണഘടനയെ കുറിച്ചുള്ള ചര്‍ച്ച പുരോഗമിക്കുന്ന ഘട്ടത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു അമേരിക്കന്‍ ഭരണഘടന വിദഗ്ധനായ ഐവര്‍ ജെന്നിങ്‌സിന്റെ ഉപദേശം തേടുന്നുണ്ട്. ഐവര്‍ ജെന്നിങ്‌സ് അംബേദ്കറെ ശിപാര്‍ശ ചെയ്യുകയായിരുന്നു.

ഭരണഘനടയ്ക്ക് പുറമെ നിരവധിയായ നിയമനിര്‍മാണങ്ങള്‍ക്ക് അംബേദ്കര്‍ നേതൃത്വം കൊടുക്കുന്നുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് ഇന്ത്യയിലെ തൊഴില്‍ നിയമങ്ങള്‍. തൊഴിലാളി വര്‍ഗത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് എല്ലാ ചൂഷണങ്ങളില്‍നിന്നും അവരെ സംരക്ഷിക്കാനുള്ള പരിചയായി ഇത്തരം നിയമങ്ങളെ മാറ്റിത്തീര്‍ക്കുന്നതില്‍ അംബേദ്കര്‍ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട നിയമനിര്‍മാണം സാമൂഹിക പുരോഗതിയുടെ വളര്‍ച്ച കൂടി കണക്കിലെടുത്തുകൊണ്ടായിരുന്നു. തൊഴിലിടങ്ങളിലെ സ്ത്രീതൊഴിലാളികളുടെ സുരക്ഷയെ സംബന്ധിച്ച് അംബേദ്കര്‍ ഏറെ ജാഗ്രതപ്പെട്ടിട്ടുണ്ട്.

രാഷ്ട്രീയാധികാരമാണ് എല്ലാ സാമൂഹിക പുരോതിയുെടയും പ്രധാന താക്കോല്‍ എന്ന് അംബേദ്കര്‍ ഉറച്ചു വിശ്വസിച്ചിരുന്നു.
1919-ല്‍ ബോംബെ പ്രവിശ്യ നിയമനിര്‍മാണസഭയില്‍ അധസ്ഥിത വിഭാഗങ്ങള്‍ക്ക് പ്രേത്യക പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട് സൗത്ബോറ കമ്മിറ്റിക്ക് നിവേദനം നല്‍കുന്നതോടെയാണ് അംബേദ്കറുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. 1936-ല്‍ ഇന്‍ഡിപെന്‍ഡന്റ് ലേബര്‍ പാര്‍ട്ടി രൂപീകരിച്ച അംബേദ്കര്‍, ജാതിരഹിതവും വര്‍ഗരഹിതവുമായൊരു പുതിയ ഇന്ത്യയും പുതിയ ലോകവും സൃഷ്ടിക്കുകയാണ് തന്റെ രാഷ്ട്രീയ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഭരണഘടനയുടെ രൂപീകരണത്തിനു ശേഷം അതിന്റെ ഭാവിയെപ്പറ്റി വലിയ ആശങ്കയും ഭയവും അംബേദ്കര്‍ക്കുണ്ടായിരുന്നു. ആ ആശങ്ക അടിസ്ഥാനരഹിതവുമായിരുന്നില്ല എന്ന് സമീപ ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക മണ്ഡലത്തില്‍ നടക്കുന്ന ഇടപെടലുകളില്‍ നിന്നും നമ്മുക്ക് മനസ്സിലാക്കാവുന്നതാണ്. ഇന്ത്യ എന്ന പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക് എന്ന കാഴ്ചപ്പാടിനെ മത രാഷ്ട്രമായി മാറ്റാനുള്ള സംഘപരിവാറിന്റെ നീക്കത്തെ അംബേദ്ക്കര്‍ മുന്‍കൂട്ടി തന്നെ കണ്ടിരുന്നു. ഇന്ത്യാ വിഭജനത്തെ സംബന്ധിച്ച് 1945ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ അദ്ദേഹം എഴുതി, ”ഹിന്ദുരാഷ്ട്രം യാഥാര്‍ഥ്യമായാല്‍ ഒരു സംശയവും വേണ്ട അതൊരു മഹാവിപത്ത് തന്നെ ആയിരിക്കും. എന്തു വിലകൊടുത്തും നാം അതിനെ തടയേണ്ടതുണ്ട്”. ആ ഹിന്ദു രാഷ്ട്രമെന്ന സങ്കല്‍പ്പത്തിലേയ്ക്ക് തന്നെയാണ് രാജ്യം ഇന്ന് സഞ്ചരിക്കുന്നതും.

”നാം വൈരുദ്ധ്യങ്ങളുടെ ജീവിതത്തിലേക്കാണ് പ്രവേശിക്കുന്നത്. രാഷ്ടീയത്തില്‍ നമുക്ക് സമത്വമുണ്ടാകും. സാമൂഹിക സാമ്പത്തിക ജീവിതത്തില്‍ അതുണ്ടാവില്ല. രാഷ്ട്രീയത്തില്‍ ഒരാള്‍ക്ക് ഒരു വോട്ട് ഒരു മൂല്യം എന്ന തത്വം നാം അംഗീകരിക്കുന്നു. എന്നാല്‍ സാമൂഹിക സാമ്പത്തിക ജീവിതത്തില്‍ ഒരാള്‍ക്ക് ഒരു മൂല്യം എന്ന തത്വം നിരാകരിക്കുന്നത് നാം തുടര്‍ന്നുകൊണ്ടേയിരിക്കും. ഈ വൈരുദ്ധ്യം എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ നമ്മുടെ രാഷ്ട്രീയ ജനാധിപത്യം അപകടത്തിലാകും; അസമത്വം മൂലം നരകിക്കുന്നവര്‍ ഈ സഭ വളരെ പാടുപെട്ടുണ്ടാക്കിയ രാഷ്ട്രീയ ജനാധിപത്യത്തിന്റെ ഘടനയെ തകര്‍ക്കും’, എന്ന് അംബേദ്കര്‍ ഭരണഘടനാ നിര്‍മാണസഭയുടെ അവസാനസമ്മേളനത്തില്‍ ആശങ്കപ്പെട്ടത് ഇക്കാലത്ത് പ്രസക്തമാവുകയാണ്. ഭരണഘടന അനുശാസിക്കുന്ന സര്‍വ മേഖലകളിലും മുമ്പെങ്ങുമില്ലാത്ത വിധം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ഇടപെടലുകള്‍ അംബേദ്കറുടെ വൈജ്ഞാനിക ചിന്തകളുടെ പ്രസക്തി എന്തെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. അംബേദ്ക്കര്‍ മുന്നോട്ടുവെച്ച രാഷ്ട്രീയ പാതയിലൂടെ സഞ്ചരിക്കുന്ന, സമത്വത്തിന്റെ ഉദയമുണ്ടാകുന്ന ഒരിന്ത്യ പുലരുമെന്ന വിശ്വാസത്തില്‍ ഈ അംബേദ്കര്‍ പിറവി ദിനം ആഘോഷിക്കാം.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.