Tue. Jan 7th, 2025

അപകീര്‍ത്തി കേസിലെ കോടതിവിധിക്കെതിരെ രാഹുല്‍ ഗാന്ധി അപ്പീല്‍ നല്‍കി. കുറ്റക്കാരനെന്ന സൂറത്ത് സിജെഎം കോടതിയുടെ ഉത്തരവിനെതിരെ സൂറത്ത് സെഷന്‍സ് കോടതിയില്‍ നേരിട്ട് എത്തിയാണ് രാഹുല്‍ അപ്പീല്‍ നല്‍കിയത്. കോടതി ഉത്തരവ് മരവിപ്പിക്കണമെന്നാണ് രാഹുലിന്റെ ആവശ്യം. രാഹുലിനെ പിന്തുണച്ച് കോടതിയില്‍ എത്താന്‍ ശ്രമിച്ച നേതാക്കളെ പോലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു. കോലാറില്‍ നടത്തിയ പ്രസംഗത്തില്‍ പരാമര്‍ശിച്ച പേരുകാരല്ല പരാതിക്കാരെന്നതാണ് രാഹുലിന്റെ പ്രധാന വാദം. മോദി എന്നത് ഒരു സമുദായ നാമല്ലെന്നും അദ്ദേഹം വാദിക്കുന്നു. ഒരു രാഷ്ട്രീയ പ്രസംഗത്തിന്റെ പേരില്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് എടുക്കുകയും അതില്‍ പരമാവധി ശിക്ഷ വിധിക്കുകയും ചെയ്യുന്നത് അസാധാരണമെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ണാടകയില്‍ നടത്തിയ പ്രസംഗത്തില്‍ ഗുജറാത്തില്‍ കേസെടുത്തത് അധികാര പരിധി ലംഘിച്ചുള്ള നടപടിയെന്നാണ് മറ്റൊരു വാദം. പ്രിയങ്കാ ഗോന്ധിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രാഹുലിനൊപ്പം സൂറത്തിലെത്തി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഘേല്‍, ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ്, കെസി വേണുഗോപാല്‍ തുടങ്ങിയവര്‍ സൂറത്തിലുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം