Fri. Nov 22nd, 2024

ഡല്‍ഹി: വീണ്ടും പ്രധാനമന്ത്രിയുടെ ബിരുദം സംബന്ധിച്ച് ചോദ്യമുന്നയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പ്രധാനമന്ത്രിയുടെ ബിരുദവിവരങ്ങള്‍ ചോദിച്ചതിന് പിഴ ലഭിച്ചതിനു പിന്നാലെയാണ് വീണ്ടും ഇതേ ചോദ്യവുമായി കെജ്രിവാള്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസം സംബന്ധിച്ച് ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. നിരവധി കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന ആളായതിനാല്‍ പ്രധാനമന്ത്രി വിദ്യാസമ്പന്നനാകേണ്ടത് പ്രധാനമാണ്. വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രി ഇന്ത്യക്ക് അപകടമാണെന്ന് പ്രധാനമന്ത്രിയുടെ ശാസ്ത്ര പിന്‍ബലമില്ലാത്ത അവകാശവാദങ്ങള്‍ ചൂണ്ടിക്കാട്ടി കെജ്രിവാള്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ അരവിന്ദ് കെജ്രിവാളിന് കൈമാറണമെന്ന ഉത്തരവ് ഗുജറാത്ത് ഹൈകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.കേന്ദ്ര വിവരാവകാശ കമ്മീഷന്‍ 2016ല്‍ ഗുജറാത്ത് സര്‍വകലാശാലക്ക് നല്‍കിയ നിര്‍ദേശമാണ് ഹൈകോടതി റദ്ദാക്കിയത്. വിവരങ്ങള്‍ നല്‍കേണ്ടത് ആവശ്യമില്ലെന്ന് പറഞ്ഞ കോടതി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് 25,000 രൂപ പിഴയും ചുമത്തിയിരുന്നു. നാലാഴ്ചക്ക് ഉള്ളില്‍ പിഴയടക്കാനാണ് നിര്‍ദേശം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം