ഐപിഎല്ലിൽ എട്ട് മത്സരങ്ങളിൽ നിന്നായി നാല് വിജയം കരസ്ഥമാക്കിയ പഞ്ചാബ് കിങ്‌സ് പോയിന്റ് പട്ടികയിൽ ഇപ്പോൾ ആറാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ 11 റൺസിന് പഞ്ചാബ് ചെന്നൈയെ തകർത്തിരുന്നു. മത്സരത്തിൽ ശിഖർ ധവാൻ നടത്തിയ തകർപ്പൻ പ്രകടനമാണ് പഞ്ചാബിന്റെ വിജയത്തിൽ നിർണ്ണായകമായത്.
ധവാൻ വെറും 59 പന്തിൽ നിന്ന് 88 റൺസാണെടുത്തത്. ഈ പ്രകടനത്തോടെ ഐപിഎല്ലിൽ ധവാൻ 6000 റൺസ് എന്ന നാഴികക്കല്ലും പിന്നിട്ടു. ധവാന് മുമ്പ് വിരാട് കോഹ്‌ലി മാത്രമാണ് മുമ്പ് ഈ നേട്ടം കരസ്ഥമാക്കിയിട്ടുള്ളത്.
ഈ പ്രകടനത്തിന് ശേഷം ധവാനെ വാനോളം പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ധവാൻ ടി 20 യുടെ ഖലീഫയാണെന്നും ടി 20 ലോകകപ്പിനുള്ള ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തണമെന്നും കൈഫ് ട്വിറ്ററിൽ കുറിച്ചു. ധോണി തലയാണെങ്കിൽ കോഹ്‌ലി രാജാവാണ്. അപ്പോൾ ശിഖറോ.
സമ്മർദങ്ങൾക്കൊക്കെ ഇടയിൽ 6000 ഐപിഎൽ റൺസാണ് അയാൾ തികച്ചത്. അദ്ദേഹത്തെ ടി 20 ലോകകപ്പ് കളിപ്പിക്കണം. ഞാൻ സെലക്ടറായിരുന്നെങ്കിൽ ഉറപ്പായും അദ്ദേഹത്തെ ടീമിലെടുക്കുമായിരുന്നു”- കൈഫ് കുറിച്ചു..
ധവാന്‍റെ 200ാമത്തെ ഐപിഎൽ മത്സരമായിരുന്നു ചെന്നൈക്കെതിരെ നടന്നത്. ഈ നാഴികക്കല്ല് പിന്നിടുന്ന എട്ടാമത്തെ താരമാണ് ധവാൻ.