Wed. Jan 22nd, 2025

തിരുവനന്തപുരം: കേരളം കഴിഞ്ഞ ആറ് വർഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്നും, കേന്ദ്ര സർക്കാർ നടത്തുന്നത് തെറ്റിദ്ധാരണജനകമായ പ്രസ്താവനയാണെന്നും സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

കേന്ദ്രം ഇന്ധന നികുതി കൂട്ടിക്കൊണ്ടേ ഇരിക്കുകയാണ്. ഇന്ധന വിലയിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സർചാർജും സെസും നിർത്തലാക്കണം. ഇതിനു പകരം സംസ്ഥാനങ്ങൾ ഇന്ധന വില കുറയ്ക്കുന്നില്ലെന്ന് ആരോപിച്ച് കേന്ദ്രം സ്വീകരിക്കുന്നത് ഫെഡറിലസത്തെ തകർക്കുന്ന നിലപാടാണെന്നും കെഎൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ തിരിച്ചടിച്ചു.

കേന്ദ്രത്തിന് പിരിക്കാൻ അവകാശമില്ലാത്ത സ്ഥലത്ത് നിന്ന് പോലും നികുതി പിരിക്കുന്ന സ്ഥിതിയാണ്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെയാണ് പ്രധാനമന്ത്രി ഇന്ധന വിലയുടെ പേരിൽ വിമർശിച്ചതെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.

കേന്ദ്രസർക്കാർ എക്സൈസ് നികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറച്ചില്ലെന്ന് കൊവിഡ് അവലോകന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചിരുന്നു. കേരളം, തമിഴ്നാട്, ജാര്‍ഖണ്ഡ്, ബംഗാള്‍,  തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ നികുതി കുറയ്ക്കാന്‍ തയ്യാറായില്ലെന്നും, ഇന്ധന വില കുറയാത്തത് സാധാരണക്കാരന് വലിയ ദുരിതമാണെന്നുമായിരുന്നു മോദി മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയില്‍ പറഞ്ഞത്.