Thu. Apr 25th, 2024
സീതത്തോട്:

ശബരിമല വനത്തിൽ കഴിയുന്ന ആദിവാസി കുടുംബങ്ങൾക്കു സ്വന്തമായി ഭൂമി ലഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇവർക്കു നൽകാൻ പോകുന്ന സ്ഥലം വനം,റവന്യൂ, പട്ടിക വർഗ വകുപ്പുകളുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സന്ദർശിച്ചു. സർവേ നടപടികൾ വരും ദിവസം ആരംഭിക്കും.

റാന്നി ഫോറസ്റ്റ് ഡിവിഷനിൽ ഉൾപ്പെടുന്ന ചാലക്കയം, പ്ലാന്തോട്, അട്ടത്തോട്, നിലയ്ക്കൽ, പ്ലാപ്പള്ളി, ളാഹ തുടങ്ങിയ പ്രദേശത്ത് കഴിഞ്ഞിരുന്ന 32 കുടുംബങ്ങൾ 3 വർഷം മുൻപാണ് രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിയിലെ മഞ്ഞത്തോട്, വളഞ്ഞങ്ങാനം പ്രദേശത്തേക്ക് താമസം തുടങ്ങിയത്.നൂറിലധികം അംഗങ്ങൾ ഉള്ള ഊരിൽ മഞ്ഞത്തോട് കേന്ദ്രീകരിച്ച് ആദിവാസി കോളനി രൂപീകരിക്കുന്നതിനുള്ള നടപടികളാണ് മുന്നേറുന്നത്. ഊരിൽ താമസിക്കുന്ന എല്ലാവർക്കും താമസത്തിന് അനുയോജ്യമായ  ഒരേക്കറോളം സ്ഥലം അളന്ന് തിട്ടപ്പെടുത്തി നൽകാനുള്ള തീരുമാനത്തിലാണ് അധികൃതർ.

വനാവകാശ നിയമ പ്രകാരം ഇവർ കൈവശം വച്ചിരിക്കുന്ന നിശ്ചിത അളവിലുള്ള സ്ഥലം ഇവർക്ക് അർഹതപ്പെട്ടതാണ്. ഇതിന്റെ ആദ്യ പടിയായി സർവേ നടപടികൾ തുടങ്ങുന്നത്. വനം വകുപ്പിന്റെ പരിശോധനയിൽ നിലവിൽ 25 കുടുംബങ്ങളാണ് മഞ്ഞത്തോട് മേഖലയിലുള്ളത്.

വീടുകൾക്ക് പുറമേ സ്കൂൾ, അങ്കണവാടി, പൊതു കളിസ്ഥലം, കമ്യൂണിറ്റി ഹാൾ തുടങ്ങിയവയ്ക്കുള്ള സ്ഥലങ്ങളും അളന്ന് തിട്ടപ്പെടുത്തും. സ്ഥലത്തിനായി 43 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നതെന്ന് തിരുവല്ല ആർഡിഒ കെ. ചന്ദ്രശേഖരൻ നായർ പറഞ്ഞു. 20 ദിവസത്തിനുള്ളിൽ സർവേ നടപടികൾ പൂർത്തിയാക്കി സ്ഥലം കൈമാറുകയാണ് ലക്ഷ്യം. ആർഡിഒയ്ക്കു പുറമേ റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ എസ് മനോജ്, റാന്നി തഹസിൽദാർ നവീൻ ബാബു,ജില്ലാ ട്രൈബൽ ഓഫിസർ സുധീർ, രാജാമ്പാറ ഡപ്യൂട്ടി റേഞ്ചർ ജോസ് മോൻ എന്നിവർ അടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്.