Fri. Dec 27th, 2024
കണ്ണൂർ:

താൻ സജീവരാഷ്ട്രീയം ഉപേക്ഷിക്കില്ലെന്ന് സിപിഎം നേതാവും മുൻ എംഎൽഎയുമായ ജയിംസ് മാത്യു. താൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായി തുടരുമെന്നും, എന്നാൽ പാർട്ടി അറിവോടെയും അനുമതിയോടെയും പുതിയൊരു സംരംഭം തുടങ്ങുകയാണെന്നും കണ്ണൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ജയിംസ് മാത്യു പറഞ്ഞു.

ബേബി റൂട്ട്സ് എന്ന ശിശു പരിപാലന കേന്ദ്രം ജൂൺ ഒന്നു മുതൽ കണ്ണൂർ തളാപ്പിൽ തുടങ്ങുമെന്നാണ് ജയിംസ് മാത്യു പറയുന്നത്. സജീവരാഷ്ട്രീയം താനുപേക്ഷിക്കുന്നില്ല. അത്തരം വാർത്തകൾ തെറ്റാണ്.

ഈ വിവരം മാധ്യമങ്ങളിൽ വന്നതിന് പിന്നാലെ തന്നെ കണ്ണൂർ ജില്ലാ സെക്രട്ടറി വിളിച്ചിരുന്നു. കാര്യം തെറ്റായി റിപ്പോ‍ർട്ട് ചെയ്യപ്പെട്ടതാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചു. പിന്നീട് നിങ്ങൾക്കിത് വാർത്താസമ്മേളനം നടത്തി പറയരുതോ എന്നദ്ദേഹം ചോദിച്ചു. അതിനാലാണ് വാർത്താസമ്മേളനം നടത്തുന്നത് – ജയിംസ് മാത്യു പറയുന്നത്.

ബേബി റൂട്ട്സ് എന്ന പരിപാലനകേന്ദ്രത്തിനൊപ്പം കണ്ണൂർ ആസ്ഥാനമായി ജനകീയ പഠന ഗവേഷണ കേന്ദ്രവും ആരംഭിക്കുമെന്ന് ജയിംസ് മാത്യു പറയുന്നു. പാർട്ടിയുടെ അനുമതിയോടെയാണ് ഇതൊക്കെ ചെയ്യുന്നത്. പുതിയ സംരഭങ്ങൾ തുടങ്ങുന്നതിനാൽ കൂടുതൽ സമയം ഉണ്ടാകില്ല എന്നതിനാലാണ് സംസ്ഥാന കമ്മറ്റിയിൽ നിന്ന് ഒഴിവായത് എന്നം ജയിംസ് മാത്യു വ്യക്തമാക്കുന്നു.