വൈത്തിരി:
പഞ്ചായത്തിലെ 10, 11 വാർഡുകളിൽ ഉൾപ്പെട്ട നരിക്കോടുമുക്ക് പ്രദേശവാസികൾക്കു പകൽ കുടിവെള്ളം കിട്ടിയിട്ട് 2 മാസത്തിലധികമായി. ഇപ്പോൾ രാത്രി 11നു ശേഷമാണു ജല അതോറിറ്റിയുടെ കണക്ഷനിൽ നിന്ന് വെള്ളം ലഭിക്കുന്നത്. ഇരുനൂറിൽ ഏറെ കുടുംബങ്ങളിൽ കുറച്ചുപേർക്കു മാത്രമാണ് കിണറുള്ളത്.
ജല അതോറിറ്റിയുടെ വെള്ളം ആശ്രയിച്ച് കഴിയുന്നവരിൽ സ്വന്തമായി സംഭരണി സ്ഥാപിക്കാത്തവരാണു വിഷമത്തിലായത്. പലർക്കും കുടിവെള്ളം സംഭരിക്കണമെങ്കിൽ ഉറക്കമൊഴിച്ചു കാത്തിരിക്കേണ്ട സ്ഥിതിയാണ്. പ്രായമുള്ളവർക്കും രോഗബാധിതർക്കും ഇതിന് സാധിക്കാത്ത സ്ഥിതി.
മുൻപ് ആശുപത്രിക്ക് സമീപത്തെ പമ്പ് ഹൗസിൽ നിന്ന് വെളളം പമ്പ് ചെയ്യുമ്പോൾ പകൽ വെള്ളം ലഭിക്കുമായിരുന്നു. ഇനി മഴക്കാലം ആരംഭിക്കുന്നതോടെ രാത്രി മിക്ക ദിവസവും വൈദ്യുതി മുടങ്ങുന്ന സ്ഥിതിയും വരും. പുതിയ പമ്പ് ഹൗസിന് ട്രാൻസ്ഫോമർ ഇല്ലാത്തതാണ് ഇതിന് കാരണമായി അധികൃതർ പറയുന്നത്.
പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കാൻ പഞ്ചായത്തോ, കെഎസ്ഇബിയോ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നേരത്തെ ജനറൽ ആശുപത്രിക്ക് സമീപത്തെ പമ്പ് ഹൗസിൽ നിന്നാണു നരിക്കോടുമുക്ക് ഉൾപ്പെടുന്ന പ്രദേശത്തേക്ക് വെള്ളം പമ്പ് ചെയ്തിരുന്നത്. ഇപ്പോൾ വൈഎംസിഎ റോഡിന് സമീപത്ത് പുതുതായി നിർമിച്ച പമ്പ് ഹൗസിൽ നിന്നാണു വെള്ളമെത്തിക്കുന്നത്.
പകൽ സമയത്ത് വോൾട്ടേജ് കുറവായതിനാലാണ് രാത്രി വെള്ളം പമ്പ് ചെയ്യുന്നത്. പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കാൻ കെഎസ്ഇബി അധികൃതരോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ ട്രാൻസ്ഫോമർ വരുന്നതോടെ പ്രശ്നത്തിന് പരിഹാരമാവും. ജല അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്
രാത്രി 12 ആകും വെള്ളം ലഭിക്കാൻ. രാവിലെ 5നു മുൻപ് വിതരണം നിലയ്ക്കുകയും ചെയ്യും. ഇതുകാരണം പുലർച്ചെ 5 ന് മുൻപ് എഴുന്നേറ്റ് വെള്ളം പിടിച്ചാൽ മാത്രമാണ് ആവശ്യത്തിന് ലഭിക്കുക. ചില ദിവസങ്ങളിൽ ഒന്നോ രണ്ടോ ബക്കറ്റ് വെള്ളമാണ് കിട്ടുക.
പലരും ഉറക്കമൊഴിച്ചാണു കുടിവെള്ളം സംഭരിക്കുന്നത്. സംഭരണി ഇല്ലാത്ത ഞങ്ങളെ പോലുള്ളവർക്കും പ്രായമായവർക്കുമെല്ലാം വളരെ ബുദ്ധിമുട്ടാണ്. പകൽ സമയത്തും കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടികൾ അധികൃതർ ഉടൻ സ്വീകരിക്കണം.