Wed. Nov 6th, 2024

ദുർബലരായ സാക്ഷികൾക്ക് വേണ്ടി എല്ലാ കോടതികളിലും പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കാൻ കേരള ഹൈക്കോടതിയുടെ നിർദേശം. 18 വയസ്സിന് താഴെയുള്ള കുട്ടികൾ, ലൈംഗികാതിക്രമത്തെ അതിജീവിച്ചവ‍ർ തുടങ്ങി ദുർബലരായ സാക്ഷികൾക്ക് യാതൊരു ഭയവുമില്ലാതെ തങ്ങളുടെ ഭാഗം വിശദീകരിക്കാൻ കഴിയുന്ന സുരക്ഷിതത്വമുള്ള അന്തരീക്ഷം ഒരുക്കുന്നതിൻെറ ഭാഗമായാണ് പുതിയ നടപടി. ജനുവരിയിൽ ഇത് സംബന്ധിച്ച് സുപ്രീം കോടതി എല്ലാ ഹൈക്കോടതികൾക്കും നിർദേശം നൽകിയിരുന്നു. 

സാക്ഷികളായ കുട്ടികൾക്ക് മാനസിക സമ്മ‍ർദ്ദം കുറയ്ക്കുന്നതിനായി കളിപ്പാട്ടങ്ങൾ, പുതപ്പുകൾ, പുസ്തകങ്ങൾ എന്നിവയെല്ലാം പുതിയ  കേന്ദ്രങ്ങളിലുണ്ടാവുമെന്ന് ഹൈക്കോടതി പുറത്തിറക്കിയ നി‍ർദേശങ്ങളിൽ പറയുന്നുണ്ട്. പ്രതികളുമായി മുഖാമുഖം ഇടപെടുന്നതിനുള്ള അവസരം ഒഴിവാക്കുന്നതിനായി വീഡിയോ – ഓഡിയോ സംവിധാനങ്ങൾ ഒരുക്കുകയും, സാക്ഷികൾക്ക് ലൈവ് ലിങ്കിലൂടെ തങ്ങളുടെ ഭാഗം വിശദീകരിക്കുന്നതിനുള്ള അവസരം നൽകുകയും ചെയ്യും.  പോലീസുകാ‍ർ, പ്രതികൾ, കേസുമായി ബന്ധപ്പെട്ട മറ്റുള്ളവർ തുടങ്ങി ആരോടും നേരിട്ട് ഇടപെടേണ്ട അവസ്ഥ ഉണ്ടാക്കരുതെന്നും നിർദേശത്തിലുണ്ട്.

സാക്ഷികൾക്കൊപ്പം വരുന്നർക്ക് ഇരിക്കുന്നതിനായി ടിവി, പുസ്തകങ്ങൾ, ഗെയിമുകൾ, പെയ്ൻറിങ്ങുകൾ, ചിത്രങ്ങൾ എന്നിവയെല്ലാമുള്ള ഒരു കാത്തിരിപ്പ് മുറിയും ഈ കേന്ദ്രങ്ങളിലുണ്ടാവും. കോടതിയിൽ നിലവിൽ നടക്കുന്ന കേസ് ഏതാണെന്നും മറ്റും അറിയിക്കുന്നതിനുള്ള ഡിജിറ്റൽ സംവിധാനവും ഇവിടെയുണ്ടാകും. സാക്ഷി ഉൾപ്പെടുന്ന കേസ് എപ്പോൾ വിളിക്കുമെന്ന് ഇതിലൂടെ അറിയാൻ കഴിയും. സാക്ഷികളുടെ ഉത്കണ്ഠയും മാനസിക സമ്മ‍ർദ്ദവും കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. 

വിചാരണയ്ക്ക് മുമ്പായി സാക്ഷിക്ക് ആവശ്യമെങ്കിൽ സിവിൽ കോടതിയിലോ ജുവനൈൽ ജസ്റ്റിസ് ബോ‍ർഡിലോ പോയി കോടതി നടപടികൾ എങ്ങനെയെന്ന് പഠിക്കാനുള്ള അവസരമൊരുക്കും. കോടതി ഉദ്യോഗസ്ഥരുടെ റോളുകൾ, അവർ എവിടെ ഇരിക്കുന്നു, കോടതിയിൽ മറ്റാരൊക്കെയുണ്ട്, പ്രതികളെ എവിടെയാണ് നി‍ർത്തുക തുടങ്ങിയ കാര്യങ്ങളെല്ലാം ഈ സന്ദ‍ർശനത്തിലൂടെ സാക്ഷിക്ക് മനസ്സിലാക്കാനാവും.

സാക്ഷിമൊഴി കൊടുക്കുന്നതിന് മുമ്പ് ഏതെങ്കിലും തരത്തിലുള്ള ഭയമോ മാനസിക സമ്മ‍ർദ്ദമോ ഉണ്ടെങ്കിൽ അത് മുൻകൂട്ടി  അറിയിക്കാവുന്നതാണ്. വിചാരണയ്ക്കിടയിൽ ഇടവേള വേണമെങ്കിൽ അനുവദിക്കുന്നതാണ്. ഒരു ലൈംഗിക കുറ്റകൃത്യത്തെ അതിജീവിച്ച വ്യക്തിയുടെ കാര്യത്തിൽ, തെളിവുകൾ രേഖപ്പെടുത്തുന്ന സമയത്ത് പ്രതിയുമായി മുഖാമുഖം സമ്പ‍ർക്കം വരാതെ നോക്കണമെന്നും നി‍ർദ്ദേശത്തിൽ പറയുന്നു. പ്രതിയുടെ സാന്നിധ്യത്തിൽ സാക്ഷിമൊഴി നൽകുന്നതിന് ദു‍ർബല സാക്ഷികൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ അൽപനേരത്തേക്ക് പ്രതിയെ കോടതി മുറിയിൽ നിന്ന് മാറ്റുന്നതായിരിക്കും.