Fri. Apr 26th, 2024

തിരുവനന്തപുരം: സംസ്ഥാനത്തെ  പ്ലസ് വൺ പരീക്ഷാ തീയതിയിൽ മാറ്റം. പ്ലസ് വൺ മാതൃകാപരീക്ഷ ‌ജൂൺ 2ന് മുതലും പൊതു പരീക്ഷ ജൂൺ 13 മുതൽ 30 വരെയും നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്ലസ് വൺ പരീക്ഷയ്ക്ക് ഫോക്കസ് ഏരിയ ഇല്ലെന്നും, അതും കൂടെ പരിഗണിച്ചാണ് പരീക്ഷ നീട്ടിയതെന്നും മന്ത്രി വ്യക്തമാക്കി. 

ഒന്നാം ക്ലാസ് പ്രവേശനം ഏപ്രിൽ 27 മുതൽ ആരംഭിക്കും. ജൂൺ ഒന്നിന് പ്രവേശനോത്സവം നടത്തും. പാഠപുസ്തകങ്ങൾ അച്ചടി പൂർത്തിയായി വിതരണത്തിന് തയ്യാറായിട്ടുണ്ട്. ഏപ്രിൽ 28ന് പാഠപുസ്തക വിതരണം ഉദ്‌ഘാടനം ചെയ്യും. അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒന്ന് മുതൽ പത്ത് വരെ ക്ലാസ്സുകളിലായുള്ള 1.34 ലക്ഷം അധ്യാപകർക്ക് മെയ് രണ്ടാം വാരം മുതൽ പരിശീലനം നൽകും.  

മെയ് 6 നാണ് യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നടക്കുക.  7077 സ്‌കൂളുകളിലായി 9,57,060 കുട്ടികൾക്ക് കൈത്തറി യൂണിഫോമുകൾ വിതരണം ചെയ്യും. യൂണിഫോം ജെൻഡർ അതത് സ്കൂളുകൾക്ക് തീരുമാനിക്കാമെന്നും, വിവാദങ്ങൾക്ക് ഇടനൽകാതെ കുട്ടികൾക്ക്  സൗകര്യപ്രദമായത് തീരുമാനിക്കുന്നതാണ് നല്ലതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. 

12,306 സ്‌കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യും. ആഴ്ചയിൽ 2 ദിവസം പാൽ, ഒരു ദിവസം മുട്ട, നേന്ത്രപ്പഴം എന്നിവ ഉൾപ്പെടുത്തി എല്ലാ ദിവസവും മെച്ചപ്പെട്ട ആഹാരം നൽകാൻ ശ്രമിക്കും. സ്‌കൂളുകളിൽ പച്ചക്കറി തോട്ടങ്ങൾ തയ്യാറാക്കും. സോഷ്യൽമീഡിയ വഴിയടക്കമുള്ള  വ്യാജവർത്തകൾക്ക് എതിരെ ബോധവൽക്കരണം നടത്തും. കുട്ടികളിലെ ആത്മഹത്യ ഇല്ലാതാക്കാൻ പദ്ധതി തയ്യാറാക്കും. സമരക്കാരുടെ ആവശ്യം അംഗീകരിച്ച് നോക്കേണ്ട പേപ്പറുകളുടെ എണ്ണം ഉയർത്തിയത് പുനഃക്രമീകരിച്ചിട്ടുണ്ടെന്നും പ്രതിഫലം വർധിപ്പിക്കണം എന്ന ആവശ്യം പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.