Wed. Jan 22nd, 2025

പാസ്‌വേഡ് പങ്കുവെയ്ക്കാനുള്ള സൗകര്യം മുഴുവനായും അവസാനിപ്പിക്കാനൊരുങ്ങി ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. ഇക്കാര്യം മുൻപ് തന്നെ തീരുമാനിച്ചിരുന്നെങ്കിലും,  ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ ഇടിവിനെ തുടർന്നാണ് ഉടനടി നടപ്പാക്കുന്നത്. 

പാസ്‌വേഡ് പങ്കുവക്കുന്നത് കൂടുതൽ ആളുകളിലേക്ക് നെറ്റ്ഫ്ലിക്സ് എത്താനും കൂടുതൽ പേർ ഇത് ആസ്വദിക്കാനും സഹായകമാവും. ഒരു വീട്ടിൽ താമസിക്കുന്ന അംഗങ്ങൾക്കിടയിൽ പാസ്‌വേഡ് പങ്കുവെക്കൽ എളുപ്പമാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നതെങ്കിലും, ഇത് സംബന്ധിച്ച് ചില ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്നാണ് നെറ്റ്ഫ്ലിക്സ് പറയുന്നത്. അക്കൗണ്ട് വിവരങ്ങൾ വീടിനു പുറത്തേക്ക് പങ്കുവെയ്ക്കുന്നതിന് അധിക തുക ഈടാക്കാനാണ് നെറ്റ്ഫ്ലിക്സിൻ്റെ പദ്ധതി. ചിലി, കോസ്റ്റ റിക്ക, പെറു തുടങ്ങിയ രാജ്യങ്ങളിൽ ഇതിൻ്റെ പരീക്ഷണം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. പക്ഷെ എങ്ങനെയാണ് ഇത് കണ്ടെത്തുക എന്നതിൽ വ്യക്തത ലഭിച്ചിട്ടില്ല. 

ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം 2 ലക്ഷം സബ്സ്ക്രൈബേഴ്സിനെയാണ് നെറ്റ്ഫ്ലിക്സിന് നഷ്ടമായത്. ഇത് നെറ്റ്ഫ്ലിക്സ് പ്ലാനുകളിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന് കരണമായേക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഇപ്പോൾ സംഭവിച്ചിരിക്കുന്ന ഇടിവിനെ മറികടക്കുന്നതിനു വേണ്ടി പരസ്യത്തിന്റെ പിന്തുണയോടെ സബ്സ്ക്രിപ്ഷൻ നിരക്ക് കുറച്ച് സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂട്ടാനാണ് ആലോചനയെന്ന് നെറ്റ്ഫ്ലിക്സ് കോ-സിഇഒ റീഡ് ഹേസ്റ്റിംഗ്സ് പറഞ്ഞു.