Sat. Apr 20th, 2024

കേരളത്തിൽ ബസ് ചാർജ് വർധിപ്പിച്ചത് അശാസ്ത്രീയമായ രീതിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാ ഫെയർ സ്റ്റേജ് നിരക്കിലും അപാകതകളുണ്ടെന്നും, ഓരോ സ്റ്റേജിലും ഉണ്ടാകുന്ന വർധനവ് പരിശോധിച്ച്, അതിലെ അപാകതകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ ബസ് ചാർജ് ഈടാക്കുന്നത് കേരളത്തിലാണെന്നും വി.ഡി സതീശൻ പറഞ്ഞു.

“കൊവിഡ് മഹാമാരിക്കാലത്ത് ഉയർത്തിയ ചാർജ് ഇപ്പോഴും തുടരുകയാണ്. ഗതാഗത മേഖലയെ സഹായിക്കാൻ അന്ന് ഏർപ്പെർപ്പെടുത്തിയ താത്ക്കാലിക നിരക്ക് പിൻവലിക്കണം. മിനിമം ദൂരം 2.5 കിലോ മീറ്ററായി കുറച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ്? മറ്റെല്ലാം സംസ്ഥാനത്തെക്കാളും കേരളത്തിൽ അധിക തുക നൽകേണ്ടി വരികയാണ്. ഇത് സാധാരണക്കാർക്ക് താങ്ങാവുന്നതിൽ അധികമാണ്” പുതുക്കിയ ബസ് നിരക്കിനെതിരെ വി ഡി സതീശൻ പ്രതികരിച്ചു.

ഇന്നലെ നടന്ന മന്ത്രിസഭായോഗത്തിലായിരുന്നു സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ വർധിപ്പിക്കാനുളള തീരുമാനം ഉണ്ടായത്. ബസ് സർവീസുകളുടെ മിനിമം നിരക്ക് എട്ടു രൂപയിൽ നിന്നും 10 രൂപയായാണ് വർധിപ്പിച്ചത്. അതേസമയം ലോ ഫ്‌ളോർ നോൺ എയർകണ്ടീഷൻ സർവീസുകളുടെ നിരക്ക് 13 രൂപയിൽ നിന്നും 10 രൂപയായും കുറയ്ക്കും. പുതുക്കിയ നിരക്കുകൾ മെയ് ഒന്ന് മുതലാണ് പ്രാബല്യത്തിൽ വരിക.