Fri. Apr 26th, 2024

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ 2022 ലെ സ്‌കോച്ച് ദേശീയ അവാർഡ് ‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി’ നേടി. ദേശീയതലത്തിൽ ഡിജിറ്റൽ, സാമ്പത്തിക, സാമൂഹിക മേഖലകളിലെ മികച്ച ശ്രമങ്ങളെ അംഗീകരിക്കുന്നതാണ് സ്കോച്ച് അവാർഡ്. 

സംരംഭക അഭിരുചിയുള്ള തൊഴിൽ രഹിതരായ യുവാക്കളെ കണ്ടെത്തി സംരംഭങ്ങൾ സ്ഥാപിക്കാൻ ഒരു കോടി രൂപവരെ ലളിത വ്യവസ്ഥകളിൽ വായ്പനൽകുന്ന പദ്ധതിയാണ് മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി അഥവാ സിഎംഇഡിപി. പദ്ധതിക്കായി വരുന്ന ചിലവിന്റെ 90% വരെ കെ എഫ് സി യിൽ നിന്നും വായ്പയായി ലഭിക്കും. 2020 ജൂലൈ മാസത്തിലായിരുന്നു പദ്ധതി ആരംഭിച്ചിരുന്നത്. പദ്ധതി പ്രകാരം ഇതുവരെ 1894-ലധികം യൂണിറ്റുകൾ സ്ഥാപിക്കുകയും 158 കോടി രൂപ വായ്പ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 7% പലിശയിൽ 50 ലക്ഷം വരെയായിരുന്നു വായ്പ നൽകിയിരുന്നത്.  രണ്ടാം ഘട്ടമായതോടെ  പലിശ 5% മായി കുറയ്ക്കുകയും വായ്പാ പരിധി ഒരു കോടിയായി ഉയർത്തുകയും ചെയ്തു.

ഈ വർഷം മുതൽ സംരംഭകർക്ക് 5% പലിശയ്ക്ക് രണ്ട് കോടി രൂപ വരെയുള്ള വായ്പകൾ ലഭ്യമാക്കുന്ന രീതിയിൽ പദ്ധതിയെ പുനരാവിഷ്കരിക്കുമെന്നു ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ വർഷവും 500 പുതിയ സംരംഭങ്ങൾ എന്ന കണക്കിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2500 സംരംഭങ്ങൾ സ്ഥാപിക്കാനാണു ലക്ഷ്യം. ഈ വർഷം പദ്ധതി പ്രകാരം 500 കോടി രൂപ അനുവദിക്കാനാണ് കെഎഫ്‌സി ലക്ഷ്യമിടുന്നത്.