Mon. Dec 23rd, 2024
മലപ്പുറം:

വേനൽ കടുത്തതോടെ നഗരസഭയിലെ പല പ്രദേശങ്ങളും കുടിവെള്ള ക്ഷാമത്തിലേക്ക്. മുണ്ടുപറമ്പ്, ഗവ കോളജ്, മൂന്നാംപടി, മണ്ണാർക്കുണ്ട്, സിവിൽ സ്റ്റേഷൻ, പൈത്തിനിപ്പറമ്പ്, കോണാംപാറ, ആലത്തൂർപടി, മുതുവത്തുപറമ്പ്, സ്പിന്നിങ് മിൽ തുടങ്ങിയ വാർഡുകളിലാണ് കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്. കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെ നിരവധി പദ്ധതികൾ നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ടെങ്കിലും പരിഹാരം അകലെയാണ്.

മിക്ക വാർഡുകളിലും ഒരുദിവസം ഇടവിട്ട് വിതരണം ചെയ്യുന്ന വെള്ളം രണ്ടും മൂന്നും ദിവസം കൂടുമ്പോഴാണ് എത്തുന്നത്. തുടർച്ചയായുള്ള വൈദ്യുതി മുടക്കം, പൈപ്പുകളുടെ പൊട്ടൽ, യന്ത്രത്തകരാർ, അറ്റകുറ്റപ്പണി എന്നിവയുണ്ടായാൽ വെള്ളമെത്താനുള്ള ദിവസങ്ങളുടെ എണ്ണം പിന്നെയും കൂടും. നഗരസഭയിലെ പമ്പുകളും യന്ത്രങ്ങളും 40 വർഷം മുമ്പ് സ്ഥാപിച്ചവയാണ്.

അതിനാൽ, പമ്പ് ചെയ്യുന്ന ശുദ്ധജലത്തിന്‍റെ 70 ശതമാനം മാത്രമാണ് സംഭരണ ടാങ്കുകളിലെത്തുന്നത്. ടാങ്കിൽനിന്ന് വീടുകളിലെത്തുന്ന പൈപ്പ്ലൈനുകളിലും ജലനഷ്ടം സംഭവിക്കുന്നു.