Thu. May 2nd, 2024
ന്യൂഡൽഹി:

ഉത്തർപ്രദേശിൽ വർഗീയധ്രുവീകരണം ശക്തിപ്പെടുത്താൻ യോഗി ആദിത്യനാഥ്‌ ഉപയോഗിക്കുന്ന തന്ത്രമാണ്‌ ബുൾഡോസർ പ്രയോഗം. സംഘർഷങ്ങൾക്ക്‌ ഉത്തരവാദികളെ ശിക്ഷിക്കാനെന്ന പേരിൽ ന്യൂനപക്ഷങ്ങൾ പാർക്കുന്ന മേഖലകൾ ഇടിച്ചുനിരപ്പാക്കൽ. വീടുകളും വ്യാപാരസ്ഥാപനങ്ങളും നഷ്‌ട‌മാകുന്നതോടെ ന്യൂനപക്ഷവിഭാഗങ്ങൾ ആ പ്രദേശം വിട്ടുപോകും. വംശഹത്യയുടെ മറ്റൊരു രൂപം.

ഇതിന്റെ പേരിൽ വൻപ്രചാരണവും കോലാഹലവും സൃഷ്‌ടിച്ച്‌ രാഷ്‌ട്രീയമുതലെടുപ്പ്‌ നടത്തുകയും ചെയ്യും.
‘ബുൾഡോസർ ബാബ’ എന്ന വിളിപ്പേരും ആദിത്യനാഥിന്‌ അനുയായികൾ നൽകി. തിരഞ്ഞെടുപ്പുകാലത്ത്‌ നിർത്തിവച്ച ബുൾഡോസർ പ്രയോഗം വീണ്ടും ആരംഭിക്കുമെന്ന്‌ ആദിത്യനാഥ്‌ പ്രഖ്യാപിക്കുകയും ചെയ്‌തു.

പിന്നാലെ മധ്യപ്രദേശിലെയും ഗുജറാത്തിലെയും ബിജെപി സർക്കാരുകളും ബുൾഡോസർ പ്രയോഗം ഏറ്റെടുത്തു. മധ്യപ്രദേശിലെ ഖാർഗോഢിൽ രാമനവമി ഘോഷയാത്രയ്‌ക്കിടെ കല്ലേറുണ്ടായതിന്റെ പേരിൽ 16 വീടും മുപ്പതോളം കടയും പൊളിച്ചു. മുഖ്യമന്ത്രി ശിവ്‌രാജ്‌ സിങ്‌ ചൗഹാന്‌ ‘ബുൾഡോസർ മാമ’ എന്ന പേരും വീണു.

അനധികൃതകെട്ടിടങ്ങളാണ്‌ പൊളിച്ചതെന്നു പറയുമ്പോഴും പ്രധാനമന്ത്രിയുടെ ഭവനനിർമാണപദ്ധതി പ്രകാരം കെട്ടിയ വീടുകളും ഇതിൽപെട്ടു. ക്രിമിനൽക്കേസുകളിൽ പ്രതികളാകുന്നവരുടെ വീടുകളും തകർക്കുമെന്ന്‌ യുപി, മധ്യപ്രദേശ്‌ മുഖ്യമന്ത്രിമാർ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഗുജറാത്തിലും ന്യൂനപക്ഷവിഭാഗങ്ങളുടെമാത്രം ചേരികൾ നീക്കംചെയ്യുന്നത്‌ പതിവാണ്‌.

ഈ തന്ത്രം ഡൽഹിയിൽ പരീക്ഷിക്കുന്നതിന്റെ ആദ്യചുവടുവയ്‌പാണ്‌ ഉണ്ടായത്‌. ജഹാംഗിർപുരിയിൽ സംഘർഷം ഉണ്ടായതിനു തൊട്ടുപിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ ആദേശ്‌ ഗുപ്‌ത ഉത്തര ഡൽഹി നഗരസഭയ്‌ക്ക്‌ കത്ത്‌ നൽകി. അനധികൃത കുടിയേറ്റക്കാരാണ്‌ സംഘർഷത്തിനു കാരണമെന്നും കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും ഗുപ്‌ത ആവശ്യപ്പെട്ടു. കത്ത്‌ കിട്ടിയപാടേ ബിജെപി നഗരസഭ ഒഴിപ്പിക്കാനിറങ്ങി.