Wed. Jan 22nd, 2025
പള്ളുരുത്തി:

ഇടക്കൊച്ചി പൊതുനിരത്തിൽ വൻതോതിൽ ശൗചാലയ മാലിന്യം തള്ളി. ഇടക്കൊച്ചി അക്വിനാസ് കോളജിനു മുൻവശത്തായാണ് ലോഡ് കണക്കിന് മാലിന്യം തള്ളിയത്. ഇത് റോഡിലേക്കും സമീപത്തെ കാനകളിലേക്കും ഒഴുകുന്നതിനാൽ മൂക്ക് പൊത്താതെ ഇതുവഴി നടക്കാനാകാത്ത സ്ഥിതിയാണ്.

മാലിന്യം സമീപത്തെ വെള്ളക്കെട്ടില്‍ നിറഞ്ഞു കിടക്കുന്നതിനാല്‍ പകര്‍ച്ചവ്യാധി ഭീഷണിയുമുണ്ട്. സമീപത്തെ റോഡിലേക്കും ഒഴുകി നീങ്ങിയിട്ടുണ്ട്. കക്കൂസ് മാലിന്യം ശേഖരിക്കുന്ന ഒട്ടേറെ ടാങ്കർ ലോറികൾ പകൽ ഈ ഭാഗങ്ങളിൽ പാർക്ക് ചെയ്യുന്നുണ്ട്.

രാത്രി ടാങ്കർ ലോറികളിൽ ശേഖരിക്കുന്ന മാലിന്യം കാനകളിലേക്ക് നിക്ഷേപിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതിനിടെയാണ് പൊതുനിരത്തിൽ ശൗചാലയമാലിന്യം തള്ളിയിരിക്കുന്നത്. കൗൺസിലർ ജീജ ടെൻസൺ നൽകിയ പരാതിയെ തുടർന്ന് പള്ളുരുത്തി പൊലീസ് സ്ഥലത്തെത്തി.

ഇവിടെ റോഡരികിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ നഗരസഭ ആരോഗ്യ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.