Fri. May 3rd, 2024
ഇടുക്കി:

ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളില്‍ തുട‍‍ര്‍ച്ചയായുണ്ടാകുന്ന കാട്ടാന ശല്യം തടയാൻ ആറ് തുരങ്കപ്പാതകൾ
നി‍ര്‍മ്മിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവി ആക്രമണത്തിവൽ ഇരകളായവർക്ക് മെയ് പകുതിയോടെ നഷ്ടപരിഹാരത്തുക പൂർണമായി നൽകുമെന്നും മന്ത്രി പറഞ്ഞു. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തികളിലാണ് ഇടുക്കിയിൽ ഏറ്റവും കൂടുതൽ കാട്ടാന ആക്രമണം നടക്കുന്നത്.

ജനവാസ കേന്ദ്രങ്ങളും റിസോർട്ടുകളും കൂടിയതോടെ ആനത്താരകൾ ഇല്ലാതായതാണ് ഇതിന് കാരണമെന്നാണ് വനംവകുപ്പ് പറയുന്നത്. ആനകൾക്ക് സ്വൈര്യമായി സഞ്ചരിക്കാനുള്ള പാതയൊരുക്കിയാൽ മാത്രമേ ആക്രമണം തടയാനാകൂ എന്നാണ് വനം വകുപ്പിൻറെ കണ്ടെത്തൽ. മൂന്നാർ-ബോഡിമെട്ട് ദേശീയപാതക്ക് കുറുകെ ആയിരിക്കും ഈ തുരങ്കപ്പാതകൾ നിർമ്മിക്കുക.

തുരങ്കപ്പാതയിലൂടെ വരുന്ന കാട്ടാനകളെ ആനയിറങ്കലിലെത്തിക്കാനുള്ള പദ്ധതിയും വനംവകുപ്പ് തയ്യാറാക്കുന്നുണ്ട്. വാച്ചർമാരുടെ നേതൃത്വത്തിൽ രാത്രികാല നിരീക്ഷണവും ശക്തമാക്കും. ഇതിനായി വാഹനം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ പഞ്ചായത്തുതലത്തിൽ ലൈസൻസുള്ള തോക്കുടമകളുട പാനലുണ്ടാക്കും. ആക്രമണം രൂക്ഷമായ ഇടുക്കി പോലുള്ള ജില്ലകളിൽ മാത്രം കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടുണ്ടന്നും മന്ത്രി പറഞ്ഞു.

കാട്ടാന ശല്യം രൂക്ഷമായ ചിന്നക്കനാൽ 301 കോളനിയിൽ ഭൂമി കൈമാറാൻ താൽപ്പര്യമുള്ളവരിൽ നിന്നും മതിയായ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാനാണ് വനം വകുപ്പിൻറെ തീരുമാനം. എന്നാൽ ആരെയും നിർബന്ധിച്ച് കുടിയൊഴിപ്പിക്കില്ല. ഒരു കുടുംബത്തിന് മതിയായ നഷ്ടപരിഹാരം ലഭിക്കും. പ്രായപൂര്‍ത്തിയായ മക്കളേയും ഭിന്നശേഷിക്കാരേയും വെവ്വേറെ കുടുംബങ്ങളായി പരിഗണിച്ച് തുക നല്‍കും.