Sat. Jan 18th, 2025

സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ സെമി ഫൈനൽ ഉറപ്പിക്കാൻ കേരളം ഇന്നിറങ്ങും. രാത്രി 8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മേഘാലയയാണ് കേരളത്തിന്റെ എതിരാളി. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച കേരളം ആറ് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്.

ആദ്യ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളിന് രാജസ്ഥാനെ മുട്ടുകുത്തിച്ചു. രണ്ടാം മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് കരുത്തരായ ബംഗാളിനെതിരെ വിജയം. സെമി ഫൈനൽ ഉറപ്പിക്കാനായി ഒരു ഒന്നൊന്നര വരവ് തന്നെയാണ് കേരളത്തിന്റെത്.

ചാമ്പ്യൻഷിപ്പിലെ ക്ലാസിക് പോരാട്ടത്തിൽ ബംഗാളിനെതിരെ നേടിയ മിന്നും വിജയം ടീമിന്റെ അത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. മുന്നേറ്റനിരയിൽ ടി കെ ജെസിൻ ഫോമിലേക്ക് ഉയർന്നതും പ്രതീക്ഷ നൽകുന്നു. മേഘാലയക്കെതിരെ കൂടുതൽ താരങ്ങൾക്ക് അവസരം നൽകാനും സാധ്യതയുണ്ട്.

ആദ്യ മത്സരത്തിൽ രാജസ്ഥാനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മേഘാലയ ഇറങ്ങുന്നത്. ചെറിയ പാസുകളുമായി അധിവേഗം മുന്നോട്ട് നീങ്ങുന്ന ‘ടിക്കി ടാക്ക’ ശൈലിയിലാണ് മേഘാലയയുടെ കളി. ഫിഗോ സിൻഡായി എന്ന ഇടംകാലൻ വിങ്ങറാണ് ടീമിന്റെ മറ്റൊരു ശക്തി കേന്ദ്രം. വൈകീട്ട് 4 ന് മലപ്പുറം കോട്ടപ്പടിയിൽ നടക്കുന്ന മറ്റൊരു മത്സരത്തിൽ പഞ്ചാബ് രാസ്ഥാനെ നേരിടും.