Sat. Apr 27th, 2024

തിരുവനന്തപുരം: രാമനവമിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്താല്‍ വീടുകള്‍ ബുള്‍ഡോസറുകള്‍ പൊക്കുന്ന കാലമാണിതെന്നും, രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കപ്പെട്ടെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. പ്രത്യേക വസ്ത്രം ധരിച്ച് കോളേജുകളില്‍ എത്താന്‍ പോലും ഇപ്പോൾ അനുവാദമില്ല. ജനങ്ങളെ പൂര്‍ണ്ണമായും ഭിന്നിപ്പിച്ച് വിദ്വേഷം പടര്‍ത്തി തീവ്രഹിന്ദുത്വ പരികല്പനകള്‍ക്ക് അനുസൃതമായ ഹിന്ദു രാഷ്ട്രം സൃഷ്ടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വര്‍ഗീയ വാദികള്‍ കലാപത്തിന്റെ കാട്ടുതീ ആളിക്കത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് അവരുമായി കൂട്ടുചേരുന്നതായും എ വിജയരാഘവന്‍ പറഞ്ഞു.

രാജ്യത്തിന്റെ പൊതു സമ്പത്ത് ഇഷ്ടപ്പെട്ട ശതകോടീശ്വരന്‍മാര്‍ക്ക് കൈമാറുന്നതിന് ജനം സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്. സൈനിക ആവശ്യങ്ങള്‍ക്കുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഇഷ്ടപ്പെട്ട മുതലാളിമാര്‍ക്ക് കൈമാറുകയാണെന്നും വിജയരാഘവന്‍ ആരോപിച്ചു. 

ഇടതുപക്ഷത്തിന്റെ ജനപിന്തുണ ഇല്ലാതാക്കാന്‍ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെങ്കിലും, ഇടതുപക്ഷത്തിന്റെ ബഹുജന സ്വാധീനം വര്‍ദ്ധിക്കുകയാണ്. മനുഷ്യന്‍ എന്ന പദത്തിന്റെ മഹനീയ ഉള്ളടക്കത്തോട് നീതിപുലര്‍ത്തുന്നതാണ് കേരളത്തിലെ ഭരണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷത്തിനെതിരെ അസത്യങ്ങളും അപവാദങ്ങളും ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. മാധ്യമങ്ങളുടെ നിഷ്പക്ഷതയിലും രാജ്യം പുറകോട്ട് പോയി.പത്രാധിപരുടെ പത്രം ഇല്ലാതാവുകയും, വ്യക്തിക്ക് പത്രം നടത്തുക എന്നത് അസാധ്യമാവുകയും ചെയ്തു. പകരം കോര്‍പ്പറേറ്റുകള്‍ മാധ്യമ മേഖലയെ കീഴടക്കി രാജ്യം രണ്ടാക്കി. തീവ്ര വലതുപക്ഷ – വര്‍ഗീയ വത്കരണത്തിന്റെയും കോര്‍പ്പറേറ്റ് വത്കരണത്തിന്റെയും ചൂഷണത്തിന്റെ ഭാഗമായ മാധ്യമങ്ങള്‍ ഒരുവശത്ത് നില്‍ക്കുകയാണെന്നും ഇതിനെ തേല്‍പ്പിക്കാതെ സാധാരണക്കാര്‍ക്ക് മുന്നോട്ട് പോകാനാകില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.