Wed. Jan 22nd, 2025
നെടുങ്കണ്ടം:

പണമില്ല, സ്കൂളിൽ പോകാനാകാതെ സഹോദരങ്ങൾ. വീട്ടിൽ ശുചിമുറിയില്ല, ടിവിയില്ല. ജനാല മറച്ചിരിക്കുന്നതു പഴയ കമ്പിളി കൊണ്ട്. പാമ്പാടുംപാറ പത്തിനിപ്പാറ പുതുപറമ്പിൽ പ്രിയ–ബിജു ദമ്പതികളുടെ മക്കളായ അതുല്യയും അതുലുമാണു പരാധീനതകൾ മൂലം സ്കൂളിൽ പോകാനാകാതെ വീട്ടിലിരിക്കുന്നത്. ഇളയ സഹോദരൻ ഏഴുവയസ്സുകാരൻ അഭിജിത്തിനെ അടുത്ത കാലത്ത് പാമ്പാടുംപാറ ഗവ സ്കൂൾ അധികൃതർ വീട്ടിലെത്തി ചേർത്തു.

അതുല്യയും അതുലും 3 വർഷമായി സ്കൂളിൽ പോയിട്ട്. പത്തുവയസ്സുകാരി അതുല്യയും പന്ത്രണ്ടുകാരൻ അതുലും ലോക്ഡൗണിനു മുൻപു വരെ സ്കൂളിൽ പോയിരുന്നു. അതുല്യ മൂന്നാം ക്ലാസിലാണു പഠനം നിർത്തിയത്.

അതുൽ അഞ്ചിലും പഠനം നിർത്തി. കൊവിഡ് കാലത്ത് ഓൺലൈൻ ക്ലാസിലും ഇവർക്കു പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. ടിവിയില്ലാത്തതും ഫോൺ തകരാറിലായതും പഠനം തുടരുന്നതിനു തടസ്സമായി. കുടുംബത്തിനു പുറംലോകവുമായി കാര്യമായ ബന്ധമില്ല.

ബിജുവും പ്രിയയും തോട്ടം തൊഴിലാളികളാണ്. ബിജു സമീപത്തെ പുരയിടത്തിൽ കുരുമുളകു പറിക്കുന്നതിനിടെ വീണ് കാലൊടിഞ്ഞു ചികിത്സയിലാണ്. പട്ടിണി കൂടിയതോടെ വയ്യാത്ത കാലുമായി ബിജു ഇന്നലെ മുതൽ ജോലിക്കു പോയിത്തുടങ്ങി. പ്രിയ കൂലിപ്പണിക്കു പോയിരുന്നു.

ഇടക്കാലത്തു ജോലി ഇല്ലാതായി. ബിജുവിന്റെ മാതാവ് ഭാർഗവിയുടെ (84) വാർധക്യ പെൻഷനും റേഷനും മാത്രമാണു കുടുംബത്തിന്റെ ആശ്രയം. ലൈഫ് മിഷനിൽ 4 വർഷം മുൻപു ഭാർഗവിക്കു വീട് അനുവദിച്ചു.

ഈ വീട്ടിലാണു ബിജുവും പ്രിയയും മക്കളും താമസിക്കുന്നത്. വീട് നിർമിച്ചെങ്കിലും ശുചിമുറി സൗകര്യം ഇതുവരെ ലഭിച്ചിട്ടില്ല. വീട് നിർമിച്ച ശേഷം ഒരു കട്ടിലും 6 കസേരയും വാങ്ങിയിട്ടിരുന്നു.

പലിശയ്ക്കു പണമെടുത്താണു വീട്ടുപകരണങ്ങൾ വാങ്ങിയത്. ആനവിലാസത്തു ജോലിക്കായി ബിജുവും കുടുംബവും പോയപ്പോൾ സാമൂഹികവിരുദ്ധർ വീടിനു തീയിട്ടു. വാങ്ങിയ വീട്ടുപകരണങ്ങൾ കത്തി നശിച്ചു. ഇതോടെ കുടുംബം കൂടുതൽ പ്രതിസന്ധിയിലായി.

ആറേമുക്കാൽ സെന്റ് സ്ഥലം കുടുംബത്തിനുണ്ട്. വീടിനു ജനാല പോലും ഘടിപ്പിച്ചിട്ടില്ല. 550 രൂപയ്ക്കു കുടിവെള്ളം വിലയ്ക്കു വാങ്ങണം. ഈ വെള്ളം മൂന്നാഴ്ച വരെ സൂക്ഷിച്ച് ഉപയോഗിക്കുമെന്നും പ്രിയ പറയുന്നു.

വിദ്യാർത്ഥികൾക്കു യാത്രയ്ക്കു വീട്ടിലുള്ളത് 2 സൈക്കിളാണ്. സീറ്റില്ല, ഹാൻഡിലില്ല. തകരാറിലായ സൈക്കിളിന്റെ സീറ്റ് ഇളക്കിമാറ്റി അതുലും അഭിജിത്തും മാറിമാറി ഉപയോഗിക്കും. ഒരു സൈക്കിൾ ഓടിക്കാനായി കാപ്പിയുടെ കമ്പ് വെട്ടിയെടുത്തു ഹാൻഡിലാക്കി മാറ്റി.