അഹമ്മദാബാദ്: പരമ്പരാഗത ചികിൽസാ മാർഗങ്ങൾ തേടി ഇന്ത്യയിലെത്തുന്ന വിദേശ പൗരൻമാർക്കായി ആയുഷ് വീസ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുർവേദ മരുന്നുകളുടെ കയറ്റുമതിയിൽ ഗുണ നിലവാരം ഉറപ്പ് വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. അഹമ്മദാബാദിൽ 3 ദിവസത്തെ ആഗോള ആയുഷ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ ഉച്ചകോടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പരമ്പരാഗത ഔഷധ ഉൽപന്നങ്ങളെ തിരിച്ചറിയുന്നതിനായി ഇന്ത്യ ഉടൻ ആയുഷ് മാർക്ക് അവതരിപ്പിക്കും. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉൽപന്നങ്ങൾ പരിശോധിച്ച ശേഷമായിരിക്കും മാർക്ക് നൽകുക. ഇതുമൂലം ഗുണനിലവാരമുള്ള ആയുഷ് ഉൽപന്നങ്ങളാണ് വാങ്ങുന്നതെന്ന് ഉറപ്പുവരുത്താൻ കഴിയുമെന്നും മോദി പറഞ്ഞു.
പാരമ്പര്യ അറിവുകൾ ലോകത്തിനാകെ ഗുണപ്രദമാവുന്ന രീതിയിൽ ഉപയോഗപ്പെടുത്താൻ സർക്കാരുകളുടെ ഇടപെടൽ വേണമെന്ന് ഡബ്ല്യൂ.എച്ച്.ഒ തലവൻ ടെഡ്രോസ് ഗബ്രിയേസസും പറഞ്ഞു. മൗറീഷ്യസ് പ്രധാനമന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ആയുർവേദം, യോഗ & നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ഇതര ചികിത്സാ സമ്പ്രദായങ്ങളുടെ ചുരുക്കപ്പേരാണ് ആയുഷ്. ഈ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ബിജെപി സർക്കാർ ആയുഷിന്റെ പ്രത്യേക മന്ത്രാലയം രൂപീകരിച്ചിരുന്നു.