Wed. Jan 22nd, 2025
കൊല്ലം:

കൊല്ലം ജില്ലയിൽ ആദ്യമായി എച്ച്ഐവി സ്ഥിരീകരിച്ച കുടുംബത്തിലെ അവസാന ആളും മരിച്ചു. കൊട്ടാരക്കര തൃക്കണ്ണമംഗൽ സ്വദേശി ബെൻസണെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. രണ്ട് പതിറ്റാണ്ട് മുന്‍പ് എയ്ഡ്സിന്റെ പേരിൽ സമൂഹ വിവേചനത്തിന് ഇരയാക്കപ്പെട്ട രണ്ടു കുട്ടികളായിരുന്നു ബെൻസണും ബെൻസിയും.

എയ്ഡ്സ് ബാധിച്ച മാതാപിതാക്കളുടെ മക്കള്‍ എന്നതായിരുന്നു അന്ന് അവർക്ക് സമൂഹം ചാർത്തിക്കൊടുത്ത മേല്‍വിലാസം. എയ്ഡ്സ് ബാധിതരായ ഇവരുള്ള സ്കൂളിലേക്ക് മക്കളെ അയക്കില്ലെന്ന് മറ്റു രക്ഷിതാക്കൾ നിലപാടെടുത്തു. അന്ന് കേന്ദ്രമന്ത്രിയായിരുന്ന സുഷമാ സ്വരാജ് ഉള്‍പ്പെടെയുളളവര്‍ ഇവരെ ചേർത്തുനിർത്തി.

മാതാപിതാക്കളായ ചാണ്ടിയുടെയും മേരിയുടെയും മരണശേഷം അമ്മൂമ്മ സാലിക്കുട്ടിക്കൊപ്പമായിരുന്നു കുട്ടികളുടെ ജീവിതം. രോഗം മൂര്‍ച്ഛിച്ച് 10 വര്‍ഷം മുമ്പ് ബെന്‍സി മരിച്ചു. അടുത്തിടെ അമ്മൂമ്മയും മരിച്ചതോടെ തനിച്ചായിപ്പോയ ബെന്‍സണ്‍‍, ഒരു വർഷമായി മറ്റൊരു ബന്ധുവിനൊപ്പമായിരുന്നു താമസം.

തുടര്‍ചികില്‍സ തേടിയിരുന്നെങ്കിലും രോഗത്തിന്‍റേതായ ശാരീരിക ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെയായിരുന്നു ജീവിതം. പ്രണയിനിയുമായുള്ള പിണക്കത്തെ തുടർന്ന് ഒരാഴ്ചയായി ബെന്‍സണ്‍ മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ബന്ധുവീട്ടിലെ കിടപ്പുമുറിയില്‍ ജീവിതമവസാനിപ്പിച്ച ബെന്‍സണ്‍ വിവേചനങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി.