Fri. Apr 19th, 2024
തൃശൂർ:

2016 ഡിസംബറിലെ മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമ ഭേദഗതി നിർദേശങ്ങൾ കർശനമാക്കാൻ സംസ്ഥാനങ്ങൾ തുടങ്ങിയതോടെ വളർത്തുമൃഗങ്ങളുടെ ചെറുകിട വിൽപനശാലകൾക്ക് താഴുവീഴുന്നു. നിയമപ്രകാരമുള്ള സ്ഥലപരിധികളും മാനദണ്ഡങ്ങളും പരിഗണിക്കുമ്പോൾ കേരളത്തിലെ നിലവിലെ വളർത്തുമൃഗ വിൽപനകേന്ദ്രങ്ങൾ ഒന്നും ബാക്കിയുണ്ടായേക്കില്ല. നടപടിക്ക് മുന്നോടിയായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് പെറ്റ്ഷോപ് കടയുടമകളുമായി നേരിൽകണ്ട് നിയമം നടപ്പാക്കാനുള്ള കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2016ൽ കൊണ്ടുവന്ന് രണ്ട് വർഷത്തിനുശേഷം നടപ്പാക്കിയ ഭേദഗതി 38ാം സെക്ഷനിലാണ് വളർത്തുമൃഗങ്ങളുടെ വിൽപന സംബന്ധിച്ച കാര്യങ്ങളുള്ളത്. നിയമം പ്രാബല്യത്തിൽ വന്നെങ്കിലും കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിൽ നിർദേശം നടപ്പാക്കിയിരുന്നില്ല. പട്ടിക്കുട്ടിയെ പാർപ്പിക്കുന്ന ഇരുമ്പുകൂടിന് 24 ചതുരശ്ര അടി വേണമെന്നാണ് പുതിയ നിർദേശം.

നായ് വർഗങ്ങളുടെ അടുത്ത് പൂച്ചയുടെയോ ഇവ രണ്ടിന്‍റെയും അടുത്ത് പക്ഷി, മുയൽ, പന്നികൾ തുടങ്ങിയവയുടെയോ കൂടുകൾ സജ്ജീകരിക്കാൻ പാടില്ല. ഈ നിർദേശങ്ങൾ നടപ്പാക്കാൻ വലിയ സൂപ്പർ മാർക്കറ്റ് വലുപ്പത്തിലുള്ള കടമുറികൾ വേണമെന്ന് വ്യക്തം. മൂന്ന് മാസത്തിലൊരിക്കൽ വെറ്ററിനറി ഡോക്ടർ പരിശോധന നടത്തി കടയുടമക്ക് സാക്ഷ്യപത്രം നൽകണം.

മൃഗസംരക്ഷണ വകുപ്പിന് പുറമെ സൊസൈറ്റി ഫോർ ദ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് (എസ്പിസിഎ) എന്ന സംഘടനക്കും വിൽപനശാലകളിൽ പരിശോധന നടത്താനും നടപടിക്ക് ശിപാർശ ചെയ്യാനും അധികാരമുണ്ട്. അറവുശാലയുടെ 100 മീറ്റർ പരിധിയിൽ ആയിരിക്കരുത് വിൽപനശാലയെന്നും നിർദേശങ്ങൾ പാലിക്കുന്നില്ലെങ്കിൽ കടയുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെ നടപടി സ്വീകരിക്കാമെന്നും ഭേദഗതിയിൽ നിർദേശിക്കുന്നു.

അവസരം മുതലെടുത്ത് റിലയൻസ് ഉൾപ്പെടെ വൻകിട കോർപറേറ്റുകൾ മേഖലയിലേക്ക് കടന്നുവരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആശങ്കകൾ വിശദീകരിച്ച് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ, വകുപ്പ് മന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ടെന്ന് ഓൾ കേരള പെറ്റ്ഷോപ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് കണ്ണൂർ പറഞ്ഞു.