Mon. Dec 23rd, 2024
പത്തനംതിട്ട:

സംസ്ഥാനത്ത് നെൽകർഷകർക്കുള്ള സർക്കാർ ആനുകൂല്യങ്ങളൊന്നും സമയബന്ധിതമായി നൽകുന്നില്ല. കൃഷി പ്രോത്സാഹിക്കാൻ പ്രഖ്യാപിച്ച പ്രൊഡക്ഷൻ ബോണസ് മൂടങ്ങിയിട്ട് മൂന്ന് കൊല്ലം കഴിഞ്ഞു. സേവന വേതന വ്യവസ്ഥ നിശ്ചയിക്കാനുള്ള ഐആർസി യോഗം ചേരാത്തതോടെ ഇടനിലക്കാരുടെ ചൂഷണത്തിരയാവുകയാണ് കർഷകർ.

സർക്കാർ ആനുകൂല്യങ്ങൾ കിട്ടാൻ സർക്കാർ ഓഫീസുകൾ കയറി ഇറങ്ങി മടുത്തവരാണ് കർഷകർ. നെൽ വിത്തിനുള്ള സബ്‌സിഡി മുതൽ നെല്ല് സംഭരണം വരെയുള്ള ആനൂകൂല്യങ്ങൾക്ക് വർഷങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഏക്കറിന് 1000 രൂപയാണ് പ്രൊഡക്ഷൻ ബോണസായി നിലവിൽ നൽകുന്നത്.

2018 ലെ മഹാപ്രളയത്തിന് ശേഷം നാളിതുവരെ കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും കർഷകർക്ക് പ്രൊഡക്ഷൻ ബോണസ് കിട്ടിയിട്ടില്ല. വെള്ളം പമ്പ് ചെയ്യാൻ പാടശേഖര സമിതികൾക്ക് പമ്പിങ്ങ് സബ്‌സിഡി ഇനത്തിൽ ഏക്കറിന് 1800 രൂപ വീതം നൽകിയിരുന്നതും മുടങ്ങി. പലയിടത്തും പാടശേഖരങ്ങൾക്ക് ലക്ഷങ്ങളുടെ ബാധ്യതയാണുള്ളത്.

ഓരോ കൃഷിയ്ക്ക് മുമ്പും കർഷക തൊഴിലാളികളുടെ കൂലി, നെല്ല് കയറ്റി ഇറക്ക് കൂലി, കൊയ്ത്ത് യന്ത്രങ്ങളുടെ ചെലവ് തുടങ്ങിയവയുടെ ഏകീകൃത പട്ടികയുണ്ടാക്കാനാണ് കുട്ടനാട് ഇൻഡസ്ട്രീയൽ റെഗുലേഷൻ കമ്മിറ്റി രൂപീകരിച്ചത്. വി എസ് അച്യുതാനന്ദനും കെ ആർ ഗൗരിയമ്മയും അടക്കം അധ്യക്ഷരായിരുന്ന ഐആർസിയാണ് നിലവിൽ നാഥനില്ലാതെ കിടക്കുന്നത്. ഇതോടെ ഇടനിലക്കാർ പിടിമുറുക്കി.

നിലവിലെ കുട്ടനാട്ടിലെ കൂലി ചെലവ് കർഷകന് താങ്ങാൻ കഴിയുന്നതല്ല. വള്ളത്തിൽ നെല്ല് കയറ്റണമെങ്കിൽ കിന്റലിന് 40 രൂപ, വള്ളത്തിൽ നിന്ന് ഇറക്കി വണ്ടിയിൽ കയറ്റാൻ കിന്റലിന് 35 രൂപ, ചുമട്ട് കൂലി കിന്റലിന് 120 മുതൽ 200 വരെ. പലയിടങ്ങളിലായി ഒരു കിന്റലിന് നെല്ലിന് കർഷകൻ കൊടുക്കേണ്ടി വരുന്നത് 350 മുതൽ 500 രൂപ വരെ.

തൊഴിലാളികളും വളവും കീടനാശിനിയും അടക്കം കൃഷി ചെലവ് വേറെ. എല്ലാം കഴിഞ്ഞ് ഒരു കിന്റൽ നെല്ലിന് കിട്ടുന്നത് 2748 രൂപ. കഴിഞ്ഞ 21 കൊല്ലമായി ക‍ർഷകന് കൈകാര്യ ചെലവ് ഇനത്തിൽ കിട്ടുന്നത് കിന്റലിന് 12 രൂപ മാത്രം.

ഇതിന് പുറമെ കാലവസ്ഥ പ്രതികൂലമായാൽ കൊയ്ത്ത് യന്ത്രങ്ങളുടെ ഇടനിലക്കാർ സാഹചര്യം പരമാവധി മുതലെടുക്കും. നനഞ്ഞ നെല്ല് സംഭരിക്കാൻ മില്ല് ഉടമകളും തയ്യാറല്ല. പതിനേഴ് ശതമാനത്തിലധികം നനവ് ഉണ്ടെങ്കിൽ ഒരോ കിന്റിലിനും ഒരു കിലോ വീതം കിഴിവ് എടുക്കും. അങ്ങനെ ചൂഷണങ്ങൾക്കെല്ലാം ഒടുവിൽ ലാഭമെന്നത് പേരിന് പോലുമില്ലാത്ത നിലയിലാണ് കർഷകർ.