Tue. Apr 23rd, 2024
തിരുവനന്തപുരം:

തിരക്കിനിടയിൽപെടാതെ റോഡ് മുറിച്ച് കടക്കാൻ സൗകര്യം ഒരുക്കുന്ന കിഴക്കേകോട്ടയിലെ ആകാശപാത നിർമാണം പൂർത്തിയായി. തിരുവനന്തപുരം കോർപറേഷനാണ് നാല് കോടി ചെലവിൽ കാൽനട മേൽപാലം നിർമിച്ചത്. ആക്സോ എൻജിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് നിർമാണം നടത്തിയത്.

102 മീറ്റർ നീളമുള്ള ആകാശപാത കേരളത്തിലെ തന്നെ ഏറ്റവും നീളം കൂടിയതാണ്. സ്റ്റെയർകേസിനുപുറെമ ലിഫ്റ്റും ഈ ആകാശപാതയുടെ പ്രത്യേകതയാണ്. കൊവിഡ് കാരണവും കോട്ടമതിലിന്‍റെ ഭാഗത്തെ നിർമാണത്തിനായി പുരാവസ്തുവകുപ്പിന്‍റെ അനുമതി ലഭിക്കാനും കാലതാമസം നേരിട്ടിരുന്നു. ആറുമാസം കൊണ്ടാണ് പാത പൂർത്തിയായത്.

ഇവിടെ സ്ഥാപിക്കുന്ന അഞ്ച് അടിയോളം വലുപ്പമുള്ള ക്ലോക്കിന്‍റെയും സെൽഫി കോർണറിന്‍റെയും പണിയാണ് ഇപ്പോൾ നടക്കുന്നത്. ഗാന്ധിപാർക്കിന് സമീപത്ത് നിന്നും ആരംഭിക്കുന്ന ആകാശപാത ആറ്റുകാൽ ബസ് സ്റ്റോപ്, കോവളം വിഴിഞ്ഞം ബസ് സ്റ്റോപ് എന്നിവിടങ്ങളിലൂടെ പാളയം, സ്റ്റാച്യു ബസ് സ്റ്റോപ്പുകളുടെ ഭാഗത്ത് അവസാനിക്കും. ഇതിൽ ഗാന്ധിപാർക്കിന് സമീപവും കോവളം ബസ് സ്റ്റോപ് ഭാഗത്തും ലിഫ്റ്റ് ഉണ്ട്.

ആറ്റുകാൽ ബസ് സ്റ്റോപ്, കോവളം ബസ് സ്റ്റോപ് ഭാഗം, പാളയം ഭാഗം, ഗാന്ധിപാർക്കിന് സമീപം എന്നിവിടങ്ങളിൽ ഇറങ്ങാനും കയറാനും സൗകര്യമുണ്ട്. ആകാശപാതയിൽ 35 സിസി ടിവികളും സെൽഫി കോർണറും ആകാശപാതയിൽ 35 സിസിടിവികളും താഴെ പൊലീസ് കൺട്രോൾ റൂമും സജീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷക്കൊപ്പം കുറ്റകൃത്യങ്ങളും മോശം പ്രവർത്തനങ്ങളും തടയുകയാണ് ലക്ഷ്യം.

തലസ്ഥാനത്തെ കലാസാംസ്കാരിക മേഖലയിലെ ജീവിച്ചിരിക്കുന്നവരും മൺമറഞ്ഞവരുമായ പ്രമുഖരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ അഭിമാനം അനന്തപുരി സ്ക്വയർ സജ്ജീകരിച്ചിട്ടുണ്ട്. അവിടെ മഹാത്മാഗാന്ധി, ഡോ ബി ആർ അംബേദ്കർ, നെഹ്റു, ഇഎംഎസ്, എപിജെ അബ്ദുൽ കലാം തുടങ്ങിയവരുടെ 15 അടിയോളമുള്ള ചിത്രങ്ങളാണ് ക്രമീകരിക്കുക. ഇതിനോട് ചേർന്നാണ് സെൽഫി കോർണർ.

നടപ്പാതക്ക് അകത്ത് കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും സ്ഥലങ്ങളുടെയും ചിത്രങ്ങളും ഉണ്ടാകും. 600 സ്ക്വയർ ഫീറ്റിൽ 4 K എച്ച്ഡി എൽഇഡി വാളും ഉണ്ട്.