Wed. Dec 18th, 2024
കോട്ടയം:

അലക്സ് ജോസിന്റെ ഈ തീരുമാനത്തിൽ പങ്കുവയ്ക്കലിന്റെ ഈസ്റ്റർ പുണ്യം കാണാം. ഒപ്പം വീടില്ലാത്ത രണ്ടു കുടുംബങ്ങളിൽ പ്രതീക്ഷയുടെ പുഞ്ചിരിയും. സ്വന്തമായി ഭൂമിയില്ലാത്ത രണ്ടു കുടുംബങ്ങൾക്ക് അഞ്ച് സെന്റ് വീതം നൽകുകയാണ് അതിരമ്പുഴ മുണ്ടകപ്പാടം അലക്സ് ജോസ് ഓണംകുളം (58).

വീടു  വയ്ക്കാനുള്ള സ്ഥലവും അതിനൊപ്പം 14 അടി വീതിയിൽ വീട്ടിലേക്കുള്ള വഴിയും അലക്സ് നൽകുന്നു. സ്ഥലം കൈമാറാൻ വർഷങ്ങളായി വാടകയ്ക്കു കഴിയുന്ന രണ്ടു കുടുംബങ്ങളെ കണ്ടെത്തിക്കഴിഞ്ഞു.അലക്സിന്റെ പിതാവ് ജോസ് തൊമ്മനും വല്യപ്പൻ തൊമ്മനും വീടില്ലാത്തവർക്ക് ഇതുപോലെ തന്നെ സ്ഥലം വിട്ടുകൊടുത്തിരുന്നു.

‘ആ പാരമ്പര്യം ‍ഞാൻ തുടരുകയാണ്, മറ്റുള്ളവർക്ക് പ്രചോദനമാകട്ടെ’– അലക്സ് ജോസ് പറഞ്ഞു. പരമ്പരാഗത കർഷകനാണ് അലക്സ് ജോസ്. 35 ലക്ഷത്തിലധികം വിലയുള്ള ഭൂമിയാണ് അലക്സ് നൽകുന്നത്. 23നു വൈകിട്ട് ആറിനു ഭൂമിയുടെ രേഖകൾ മന്ത്രി വി എൻ വാസവനു കൈമാറും.