Wed. Jan 22nd, 2025
മോസ്കോ:

യുക്രെയ്ൻ സൈന്യം റഷ്യൻ മേഖലയിലേക്ക് ആക്രമണം തുടർന്നാൽ കിയവിലെ കമാന്‍റ് സെന്‍ററുകൾ ആക്രമിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. റഷ്യൻ മേഖലകൾ ആക്രമിച്ച് അട്ടിമറി നടത്താനുള്ള ശ്രമങ്ങൾ യുക്രെയ്ൻ നടത്തുന്നതായി റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. ഇത്തരം സംഭവങ്ങൾ തുടർന്നാൽ റഷ്യൻ സായുധ സേന കിയവ് ആക്രമിക്കുമെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഫെബ്രുവരി 24ന് റഷ്യൻ സേന യുക്രെയ്നിൽ സൈനിക നടപടി ആരംഭിച്ചത് മുതൽ യുക്രെയ്ൻ സേന റഷ്യയിലെ ചില പ്രദേശങ്ങളിൽ ആക്രമണം തുടങ്ങിയതായി പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ ആരോപിച്ചു. ഈ മാസം ആദ്യമാണ് കിയവിന്‍റെ വടക്കൻ പ്രദേശങ്ങളിൽ നിന്ന് റഷ്യൻ സൈന്യം പിൻവാങ്ങി തുടങ്ങിയത്. ഇപ്പോൾ യുക്രെയ്ന്‍റെ കിഴക്കൻ മേഖലകൾ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളാണ് റഷ്യ നടത്തി കൊണ്ടിരിക്കുന്നത്.

മരിയുപോളിലെ തുറമുഖത്തിന്റെ പൂർണ നിയന്ത്രണം തങ്ങളുടെ സൈന്യത്തിനാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. യുക്രെയ്ൻ സൈനികരെയും അസോവ് ബറ്റാലിയൻ അംഗങ്ങളെയും റഷ്യൻ സേന വളയുകയും അവർക്ക് രക്ഷപ്പെടാനുള്ള അവസരം ഇല്ലാതാക്കുകയും ചെയ്തതായി മന്ത്രാലയം കൂട്ടിച്ചേർത്തു.