Wed. Nov 6th, 2024
റാന്നി:

വനത്തിനുള്ളിലെ ഊരുകളിൽ താമസിക്കുന്ന കുട്ടികൾക്ക് ഭഷണം എത്തിക്കുന്ന പരിപാടിയ്ക്ക് പ്ലാപ്പളളിയിൽ തുടക്കമായി. ഇതിന് നേതൃത്വം നൽകുന്നതാകട്ടെ അട്ടത്തോട് ട്രെെബൽ എൽപി സ്കൂളിലെ അധ്യാപകരും റാന്നി പെരുനാട് പഞ്ചായത്തും ഗുഡ് സമരിറ്റൻ ചാരിറ്റബിൾ സൊസൈറ്റിയും. അട്ടത്തോട്, നിലയ്ക്കൽ, പമ്പ, പ്ലാപ്പള്ളി, മഞ്ഞത്തോട് വനമേഖലയിൽ താമസിക്കുന്ന പാവപ്പെട്ട ആദിവാസി കുട്ടികളുടെ എക വിദ്യാഭ്യാസ മാർഗം അട്ടത്തോട് ട്രെെബൽ എൽപി സ്കൂളാണ്.

സ്കൂൾ അടച്ചതോടെ കുട്ടികൾക്ക് ഭഷണവും മുടങ്ങി. കുട്ടികളുടെ അവസ്ഥ മനസിലാക്കിയ ഹെഡ് മാസ്റ്റർ ബിജു തോമസാണ് വിഷയം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയത്. തുടർന്നാണ് സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ സ്കൂൾ തുറക്കുന്നതുവരെ ഭഷണം എത്തിച്ചു നൽകാൻ നടപടിയായത്.

അട്ടത്തോട് ട്രൈബൽ മേഖലയില വിദ്യാർത്ഥികളുടെ പഠനനിലവാരവും രക്ഷിതാക്കളുടെ സാമൂഹിക നിലവാരവും ഉയർത്താൻ സമാനതയില്ലാത്ത പ്രവർത്തനങ്ങളാണ് കാഴ്ച വയ്ക്കുന്നത്. പെരിയാർ ടൈഗർ റിസർവ് നൽകിയ സ്കൂൾ ബസിലാണ് വിവിധ ഭാഗങ്ങളിലായി വനത്തിനുള്ളിൽ താമസിക്കുന്ന കുട്ടികളെ സ്കൂളിൽ എത്തിക്കുന്നത്.
അഡ്വ പ്രമോദ് നാരായൺ എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ അധ്യക്ഷനായി. കലക്ടർ ദിവ്യ എസ് അയ്യർ, ബ്ലോക്ക് പ്രസിഡന്റ് കെ എസ് ഗോപി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി ശ്രീകല, മെമ്പർമാരായ എം എസ് ശ്യാം, മഞ്ജു പ്രമോദ്, അരുൺ അനിരുദ്ധൻ, ഹെഡ്മാസ്റ്റർ ബിജു തോമസ്, ഫാ ബെൻസി മാത്യു എന്നിവർ സംസാരിച്ചു.