Sat. Jan 18th, 2025
അഗളി:

അട്ടപ്പാടി ജലപദ്ധതിയുടെ പേരിൽ ആദിവാസികളുടെ വീട് പൊളിക്കാനുള്ള സർക്കാർ നീക്കം ഹൈക്കോടതി തടഞ്ഞു. ഷോളയൂർ ചുണ്ടകുളം ഊരിലെ 20 ആദിവാസി കുടുംബങ്ങൾക്ക് ജലസേചന വകുപ്പ് നൽകിയ കുടിയിറക്ക് നോട്ടിസിലെ‍ തുടർ നടപടികളാണ്‌‍ താൽക്കാലികമായി ‌വിലക്കിയത്. നോട്ടിസ് ലഭിച്ച ചെല്ലി (65) സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.

ഫെബ്രുവരി 23നാണ് ഭവാനി ബേസിൻ സബ്ഡിവിഷൻ അസി എക്സിക്യൂട്ടീവ് എൻജിനീയർ നോട്ടിസ് നൽകിയത്. പദ്ധതിക്കുവേണ്ടി പൊന്നും വിലയ്ക്ക് എടുത്ത ഭൂമിയിലാണ് വീട് നിർമാണമെന്നും നിർമിതികൾ സ്വന്തം ചെലവിൽ പൊളിച്ചുമാറ്റി ഭൂമി പൂർവ സ്ഥിതിയിലാക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കും എന്നുമായിരുന്നു അറിയിപ്പ്.

ഇതു സംബന്ധിച്ച് ഫെബ്രുവരി 27ന് മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട സന്നദ്ധ സംഘടന എച്ച്ആർഡിഎസ് ഭാരവാഹികളാണ് കോടതിയെ സമീപിക്കുന്നതിന് ആദിവാസികളെ സഹായിച്ചത്. ലൈഫ് മിഷൻ ഉൾപ്പെടെ വിവിധ സർക്കാർ പദ്ധതികളുടെ സഹായത്തോടെ ഊരിനോടു ചേർന്ന ഭൂമിയിലാണ് ആദിവാസികൾ വീട് നിർമിക്കുന്നത്. 

ഊര് ഭൂമിയിൽ സ്ഥലമില്ലാത്തതുകൊണ്ടാണ് വർഷങ്ങളായി കൈവശമുള്ള സ്ഥലത്ത് വീട് നിർമിച്ചതെന്ന് ആദിവാസികൾ പറഞ്ഞു.  കേസ് കോടതി വീണ്ടും പരിഗണിക്കുമ്പോൾ കക്ഷിചേരുമെന്ന് എച്ച്ആർഡിഎസ് കോ–ഓർഡിനേറ്റർ ഷൈജു ശിവരാമൻ അറിയിച്ചു.