നീലേശ്വരം:
കോടികൾ ചിലവഴിച്ച് നിർമാണം പൂർത്തിയാക്കിയ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയം നശിക്കുന്നു. അവകാശത്തർക്കംമൂലം സ്റ്റേഡിയം സംരക്ഷിക്കാൻ ആളില്ലാത്ത അവസ്ഥയാണ്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ഭൂമിയിൽ നിർമിച്ച സ്റ്റേഡിയം ഇതുവരെയും നഗരസഭക്ക് കൈമാറിയില്ല.
മൈതാനത്ത് വെച്ചുപിടിപ്പിച്ച പച്ചപ്പുല്ല് ഉണങ്ങി നശിച്ചനിലയിലാണ്. സ്വിമ്മിങ് പൂളിലെ വെള്ളം പായൽ മൂടിക്കഴിഞ്ഞു. വോളിബാൾ മൈതാനവും 400 മീറ്റർ ഓടുന്ന ട്രാക്കും വെയിലും മഴയും കൊണ്ട് നശിക്കുന്നു.
കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയെ നിയമസഭയിലേക്ക് അയച്ചതിന്റെ ഓർമക്കാണ് നീലേശ്വരത്ത് 19 കോടി മുടക്കി നിർമിച്ച ഇഎംഎസ് സ്റ്റേഡിയം നിർമിച്ചത്.
ഉയർന്നതലത്തിലുള്ള ഒരു മത്സരത്തിനും സ്റ്റേഡിയം ഉപകരിക്കില്ലെന്ന വിമർശനവുമായി ഇപ്പോൾ കായികപ്രേമികൾ മുന്നോട്ടുവന്നിരിക്കുകയാണ്. ഉദ്ഘാടനം നടന്ന് ഒരു വർഷം കഴിഞ്ഞെങ്കിലും അവകാശം ആർക്കാണെന്നതിൽ ഇനിയും തീരുമാനമെടുത്തിട്ടില്ല.
കൈമാറ്റം നടക്കാത്തതിനാൽ ഫുട്ബാൾ കോർട്ടിലെ ടർഫ് സംരക്ഷിക്കാതെ നശിക്കുകയാണ്. ഒരുവർഷത്തെ ബില്ല് കുടിശ്ശികയായി കിടക്കുന്നതുമൂലം വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. സ്വിമ്മിങ് പൂളിലെ വെള്ളം ഇതുവരെ മാറ്റിയിട്ടില്ല.