Fri. Apr 26th, 2024
കങ്ങരപ്പടി:

നഗരസഭയുടെ കിഴക്കൻ പ്രദേശമായ തേവയ്ക്കലിൽ പ്രദേശത്തു മണ്ണെടുത്തു നീക്കിയ മലകൾക്കു സമീപത്തുള്ള വീടുകൾ മണ്ണിടിച്ചിൽ ഭീഷണിയിൽ. റോഡുകളും അപകടാവസ്ഥയിലാണ്. മണ്ണെടുപ്പിനെതിരെയുള്ള പ്രതിഷേധങ്ങൾ ഒറ്റപ്പെട്ടതും ദുർബലവുമായതിനാൽ മണ്ണെടുക്കുന്നവർക്ക് അനുഗ്രഹമാണ്.

അപകടകരമായ രീതിയിലുള്ള മണ്ണെടുപ്പു തടയുന്നതിനു രാഷ്‌ട്രീയ പാർട്ടികളൊന്നും മുന്നോട്ടു വരുന്നില്ലെന്നു നാ‌ട്ടുകാർ പരാതിപ്പെടുന്നു. തേവയ്ക്കലിൽ കഴിഞ്ഞ ദിവസങ്ങളിൽ സാധാരണ മണ്ണ് നീക്കം ചെയ്യാനാണ് അനുമതി നൽകിയതെങ്കിലും നിയന്ത്രണങ്ങൾ പാലിക്കാതെയാണു മണ്ണ് കുഴിച്ചെടുത്തത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണു മണ്ണ് തുരക്കുന്നതിനു അനുമതിയുള്ളുവെങ്കിലും പലപ്പോഴും രാത്രിയിലാണു മലയിടിക്കുന്നതെന്നു നാട്ടുകാർ പരാതിപ്പെട്ടു.

വികസന പ്രവർത്തനങ്ങൾക്കു മണ്ണ് നീക്കം ചെയ്യുന്നതിന് അനുമതി കൊടുക്കുന്ന നഗരസഭ പിന്നീട് ഇവിടേക്കു തിരിഞ്ഞു നോക്കാറില്ല. ആ ഉത്തരവാദിത്തം ജിയോളജി വകുപ്പിന്റേതാണെന്നാണു നഗരസഭയുടെ വാദം. പൊലീസും ഇടപെടാറില്ല.

മറ്റൊരിടത്തു വർഷങ്ങൾക്കു മുൻപു മണ്ണെ‌‌‌ടുത്തു മാറ്റിയ പ്രദേശത്തു മൺതിട്ടയിൽ നിൽക്കുന്ന ഹൈടെൻഷൻ ടവറിനു സമീപത്തേക്കു മണ്ണെടുത്തു യന്ത്രങ്ങളുടെ സഹായത്തോടെ വഴിയുണ്ടാക്കിയതു കെഎസ്ഇബി ഉദ്യോഗസ്ഥർ ഇട‌പെട്ടു തടഞ്ഞിരുന്നു.‌
സ്ഥലം അളക്കാൻ വഴിവെട്ടിയതാണെന്നാണ് ഉടമ അറിയിച്ചതെന്നും ടവറിനു 10 മീറ്റർ ചുറ്റളവിൽ മണ്ണെടുത്തു മാറ്റാൻ പാടില്ലെന്നു നിർദേശം നൽകിയതായും കെഎസ്ഇബി ലൈൻ കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ഇവി‌ടെ സമീപവാസികൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്.