Mon. Dec 23rd, 2024
മൂന്നാർ:

മൂന്നാറിൽ സന്ദർശനത്തിന്‌ എത്തുന്ന വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഇനി കുറഞ്ഞ ചെലവിൽ നാടൻ ഭക്ഷണങ്ങളും മറ്റ്‌ വിശിഷ്‌ട ഭക്ഷണങ്ങളും ലഭിക്കും. ഇതിനായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പിങ്ക് കഫേയുടെ പ്രവർത്തനം മൂന്നാറിൽ ആരംഭിച്ചു. കെഎസ്ആർടിസി ഡിപ്പോയിൽ കഫേയുടെ ഉദ്ഘാടനം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനിലൂടെ നിർവഹിച്ചു.

അഡ്വ എ രാജ എംഎൽഎ അധ്യക്ഷനായി. ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണശർമ മുഖ്യാതിഥിയായി. മൂന്നാറിൽ സന്ദർശനത്തിനെത്തുന്ന വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കുറഞ്ഞ ചെലവിൽ തനത് നാടൻ ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പിങ്ക് കഫേ പ്രവർത്തനം ആരംഭിച്ചത്.

റീ ബിൽഡ് കേരള ഇനിഷിയേറ്റീവ് എന്റർപ്രൈസസ് പദ്ധതിപ്രകാരം ദേവികുളം ബ്ലോക്കിന്റ കീഴിൽ പ്രവർത്തിക്കുന്ന പഞ്ചായത്തുകളിലെ കുടുംബശ്രീ പ്രവർത്തകരാണ് കഫേയിൽ ജീവനക്കാരായുള്ളത്. ആരംഭഘട്ടത്തിൽ ചായയും ചെറുകടിയുമാണ് ഒരുക്കിയിരിക്കുന്നത്‌. താമസിയാതെ സഞ്ചാരികൾക്ക് ചട്ടിച്ചോറ്, കഞ്ഞി, കലം ബിരിയാണി എന്നിവയും ഒരുക്കും.

പ്രവർത്തനരഹിതമായ കെഎസ്ആർടിസിയുടെ പഴയ ബസ് പ്രത്യേക സൗകര്യങ്ങളോടുകൂടി കഫേയായി രൂപപ്പെടുത്തിയത്. ഒരേ സമയം 20 പേർക്ക് ബസിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. പുറമെ പാഴ്‌സലും നൽകും.

കെഎസ്ആർടിസിക്ക് പ്രതിമാസം 20,000 രൂപ വാടകയിനത്തിൽ ലഭിക്കും. മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ്‌ പ്രവീണ രവികുമാർ, ദേവികുളം പഞ്ചായത്തംഗം മിൻസി റോബിൻസൺ, എടിഒ അഭിലാഷ്, ഡിപ്പോ ഇൻ ചാർജ് സേവി ജോർജ് എന്നിവർ സംസാരിച്ചു.