Sun. Nov 17th, 2024
തിരുവനന്തപുരം:

കനിയാത്ത സർക്കാരിന്റെ കണ്ണു തുറപ്പിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിനു മുന്നിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരുടെ സമരം. ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്ന സ്പെഷൽ സ്കൂളുകളിലെ അധ്യാപകർക്കും ജീവനക്കാർ‌ക്കും ഒരു വർഷമായി ഓണറേറിയം നൽകാത്തതിനെത്തുടർന്ന് സ്ഥാപനങ്ങൾ പ്രതിസന്ധിയിലായതോടെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ പൊരിവെയിലത്തു പ്രതിഷേധിച്ചത്.

അധ്യാപകർക്കും തെറാപ്പിസ്റ്റുകൾക്കും ആയമാർക്കും കഴിഞ്ഞ ഏപ്രിൽ മുതൽ ഓണറേറിയം നൽകിയിട്ടില്ല.  സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതിനാൽ 22.5 കോടി രൂപ മാത്രമേ വിതരണം ചെയ്യാനാകൂ എന്നാണ് സർ‌ക്കാർ ഇപ്പോൾ വ്യക്തമാക്കുന്നത്. ഇത് 4–5 മാസത്തെ ഓണറേറിയം നൽകാനേ തികയുകയുള്ളൂ.

ഒരു സ്ഥാപനത്തിൽ കുറച്ചു ജീവനക്കാർക്കു മാത്രമാണ് ഓണറേറിയം നൽകുന്നത്. ഇതു വിഭജിച്ച് മറ്റുള്ളവർക്കും കൂടി നൽകിയാണ് സ്ഥാപനങ്ങൾ നിലനിന്നു പോരുന്നത്. ഇവരോടാണ് സർക്കാരിന്റെ അനീതി.

എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെപി രാജേന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. സ്പെഷൽ സ്കൂൾ അസോസിയേഷൻ ചെയർമാൻ ഫാ റോയ് മാത്യു വടക്കേൽ അധ്യക്ഷത വഹിച്ചു. മറ്റു നേതാക്കളായ പി തങ്കമണി, ബ്രഹ്മനായകം മഹാദേവൻ, കെ എം ജോർജ്, ടി പ്രഭാകരൻ, സുശീല കുര്യച്ചൻ, ടി യു ഷിബു, കവിത രാജൻ, സിസ്റ്റർ റാണി ജോ, പി രാജലക്ഷ്മി എന്നിവർ പ്രസംഗിച്ചു.